Kerala
സിപിഎമ്മിന് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല’; വിശദീകരണം നല്കി എ പത്മകുമാര്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതിയും സിപിഐഎം നേതാവുമായ എ പത്മകുമാര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കി. തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാര്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ദൂതന് വഴി മറുപടി അയച്ചുനല്‍കുകയായിരുന്നു. വിഷയം അടക്കം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച നിര്‍ണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അടക്കം യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു എ പത്മകുമാറിനോട് പാര്‍ട്ടി വിശദീകരണം തേടിയത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യം. തപാലില്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ജില്ലാ നേതൃത്വം നോട്ടീസ് അയച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം. ദിവസങ്ങള്‍ക്ക് മുന്‍പ് പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നു.