Crime
ഓൺലൈൻ ട്രേഡിങ് വൻതട്ടിപ്പ് സംഘത്തെ; പൊലീസ് പിടികൂടി;പിടിച്ചെടുത്തത് 20 മൊബൈൽ ഫോണുകളും, 8 സിം കാർഡുകളും, 9 എ.ടി.എം കാർഡുകളും, 8,40,000 രൂപയും
ബത്തേരി ഓൺലൈൻ ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവരുന്ന വൻതട്ടിപ്പ് സംഘത്തെ ബത്തേരി പൊലീസ് ബെംഗളൂരുവിൽ നിന്നും കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ വീട്ടിൽ ജിബിൻ(28), കഴക്കൂട്ടം ഷീല ഭവനിൽ അനന്തു(29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടിൽ വീട്ടിൽ രാഹുൽ (29), കുറ്റ്യാടി കിഴക്കയിൽ വീട്ടിൽ അഭിനവ്(24) എന്നിവരെയാണ് തിങ്കളാഴ്‌ച രാത്രിയോടെ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് പിടികൂടിയത്.
ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകളും, 8 സിം കാർഡുകളും, 9 എ.ടി.എം കാർഡുകളും, 8,40,000 രൂപയും പിടിച്ചെടുത്തു. വിശ്വാസ വഞ്ചന നടത്തി പല തവണകളിലായി 2,30,000 രൂപ കവർന്നെന്ന കുപ്പാടി സ്വദേശിയായ യുവാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
2023 ഒക്ടോബറിലാണ് കുപ്പാടി സ്വദേശിയിൽ നിന്ന് ട്രേഡ് വെൽ എന്ന കമ്പനിയിൽ ട്രേഡിങ് ചെയ്യുകയാണെങ്കിൽ സർവീസ് ബെനഫിറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവർന്നത്. മറ്റു പലരിൽ നിന്നും ഇതേരീതിയിൽ സംഘം കബളിപ്പിച്ച് പണം കവർന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്‌തമായി. അനധികൃതമായി സമ്പാദിക്കുന്ന ഫോൺ നമ്പരുകൾ ഉപയോഗിച്ച് വിവിധ വ്യക്തികളെ ബന്ധപ്പെട്ട് പണം തട്ടിയ ശേഷം ആ നമ്പരുകൾ ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതി. ശേഷം ഫോണിൽ മറ്റു സിം കാർഡുകളിട്ട് പുതിയ ആളുകളെ തേടും. ഇവർ അനധികൃതമായി സംഘടിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ മുഖേന ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ട്. ഇവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളും കസ്‌റ്റമർ ഡേറ്റാ ബേസുകളും നൽകുന്ന കർണാടക സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്. എത്രപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും അന്വേഷിച്ചു വരികയാണ്.