Kerala
അകിടിൻ ചുവട്ടിലെ ചോര തിരയുന്നവ രെ നിങ്ങൾക്ക് ഹാ കഷ്ട്ടം
പാലാ :രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ടുവന്ന പത്രവാർത്തയുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനാണ് ഈ കുറിപ്പ് നൽകുന്നത്. പഞ്ചായത്തിന്റെ വികസനത്തെ സംബന്ധിച്ച ആക്ഷേപങ്ങൾക്കോ നിർദ്ദേശങ്ങൾക്കോ വിലകൽപ്പിക്കാത്ത ഒരു ഭരണസമിതി അല്ല നിലവിൽ പഞ്ചായത്ത് ഭരിക്കുന്നവർ. തന്നെയുമല്ല സത്യസന്ധമായ സദുദ്ദേശപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ജനങ്ങളുടെ ഏതൊരു പ്രശ്നത്തിനും പരാതികൾക്കും ആവുന്നത്ര വേഗത്തിലും ഉത്തരവാദിത്വത്തോടെയും പരിഹാരമുണ്ടാക്കുന്നതിന് ആത്മാർത്ഥമായി ശ്രമിക്കാറുണ്ട്. എന്നാൽ നിലവിലെ ഭരണസമിതി അധികാരത്തിൽ വന്നത് മുതൽ ചിലർക്ക് അമിതമായ വികസന പ്രേമവും, വിമർശന ബുദ്ധിയും, വാർത്താ പ്രചരണ രീതികളും കാണുമ്പോൾ അത്ര നിഷ്കളങ്കമല്ല വാർത്താ ലക്ഷ്യം എന്ന് കാണുവാൻ കഴിയും.
29.9.2026 ൽ മാതൃഭൂമി പത്രത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ട വാർത്ത അതാണ് സൂചിപ്പിക്കുന്നത്. 41 വർഷം മുമ്പ് 1985 പണി കഴിഞ്ഞ കമ്മ്യൂണിറ്റി ഹാൾ കാലപ്പഴക്കത്താൽ തന്നെ ഗുരുതരമായ ബലക്ഷയത്തിലാണ്. അത്തരമൊരു പഴക്കമുള്ള, ബലക്ഷയമുള്ള കമ്മ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനക്ഷമമാക്കാത്തത് സ്വകാര്യ ഹാളുകാരു മായിട്ടുള്ള പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ വഴിവിട്ട ബന്ധമാണെന്ന് ആരോപിക്കുമ്പോൾ അതിലെ യുക്തി മനസ്സിലാകുന്നില്ല. തന്നെയുമല്ല വാർത്ത ലക്ഷ്യത്തെ സംബന്ധിച്ചും സംശയമുണ്ടാവുകയാണ്. കോൺക്രീറ്റുകൾ അടർന്നുവീണ് ജനൽ കമ്പികളും ഗ്രില്ലുകളും തുരുമ്പ് പിടിച്ച് കട്ടളകളും ജനലുകളും ദ്രവിച്ച് റൂഫും സീലിങ്ങും പൊട്ടിപ്പൊളിഞ്ഞു തികച്ചും അപകടാവസ്ഥയിലായ കെട്ടിടം അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമം ആക്കാവുന്ന അവസ്ഥയിലല്ല. അത്രയ്ക്ക് മോശമായ സ്ഥിതി കെട്ടിടത്തിനുണ്ട്. നിലവിലെ അപകടസാധ്യത ഭയന്നു തന്നെയാണ് ഇപ്പോൾ ഈ കെട്ടിടം വാടകയ്ക്ക് നൽകാത്തത് പോലും. രാമപുരത്തിന്റെ ആവശ്യകതയെ മുൻനിർത്തിക്കൊണ്ട് പുതിയ കമ്മ്യൂണിറ്റി ഹാളിന് ആലോചന നടത്തിയപ്പോഴാണ് ഗൗരവതരമായ സാങ്കേതിക നിയമപ്രശ്നം ശ്രദ്ധയിൽപ്പെടുന്നത്. കമ്മ്യൂണിറ്റി ഹാൾ സ്ഥിതിചെയ്യുന്ന സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അല്ലെന്ന്.
വില്ലേജ് രേഖകളിൽ മത്സ്യ ചന്ത റവന്യൂ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ ഇരിക്കുന്ന സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അല്ല എന്ന്. സ്ഥലം ഉടമസ്ഥത പഞ്ചായത്തിന് കൈവരിക്കാതെ നിലവിലെ നിയമപ്രകാരം അവിടെ പുതിയ കെട്ടിടം പണിയുവാൻ സാധ്യമല്ല. സർക്കാരിലേക്ക് പ്രസ്തുത സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി നൽകണമെന്ന് അപേക്ഷ നൽകിയിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിക്കെതിരെ കുറെ നാളുകളായി ചില കോണുകളിൽ നിന്ന് നിരന്തരം വിരുദ്ധ വാർത്തകൾ സൃഷ്ടിക്കപ്പെടുകയാണ്. പിഡബ്ല്യുഡി റോഡിന്റെ സൈഡിലുള്ള മരം കാറ്റത്ത് വീണ റോഡ് തടസ്സപ്പെട്ടപ്പോൾ പിഡബ്ല്യുഡി റോഡരികിൽ വെട്ടി മാറ്റിയിട്ട് അതിനു വരെ പഞ്ചായത്ത് ഭരണസമിതിയെ കുറ്റപ്പെടുത്തുന്ന വാർത്തകളും വന്നിട്ടുണ്ട്. ഈ ഭരണസമിതി അധികാരമേറ്റതിനു ശേഷം വന്ന പുതിയതായ യാതൊരു വിഷയത്തിലും അല്ല മാധ്യ വിചാരണയ്ക്ക് വിധേയമാക്കുന്നത് എന്ന കാര്യം തികച്ചും പരിഹാസ്യമാണ്. സാധാരണക്കാരനും പാവപ്പെട്ടവനും സ്വാഭാവികമായി കിട്ടേണ്ട നീതി ലഭിക്കുന്നതിന് മുൻകാലങ്ങളിലെ നിരവധി പ്രഗൽഭന്മാരുടെ ഭരണകാലത്ത് ഉണ്ടായത് പോലെയുള്ള കാലതാമസം
ഇപ്പോൾ പഞ്ചായത്തിന് സമീപിക്കുന്നവർ നേരിടുന്നില്ലന്ന് ഉറപ്പിച്ച് പറയുവാൻ കഴിയും. പൊതുവേ സംതൃപ്തമായ അഭിപ്രായം പഞ്ചായത്തിനെ കുറിച്ച് പൊതുജനങ്ങൾ പറയുമ്പോഴുണ്ടായ അസ്വസ്ഥതയിൽ നിന്ന് ഉരുത്തിരിഞ്ഞ കുറുക്കൻ ബുദ്ധിയുടെ ഗൂഢാലോചനയിൽ നിന്നാണ് വിരുദ്ധ പ്രചരണങ്ങൾക്ക്ചിലർ തയ്യാറാവുന്നത്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലെ ചോര തിരയുന്ന കൊതുകു കളുടെ സമ്മർദ്ദത്തിൽ പേടിച്ച് കാലു പിടിക്കും എന്ന ധാരണ വേണ്ട. കൊതുകിനെ കൊതുകായി തന്നെ തിരിച്ചറിയും അത്രമാത്രം. ഏതുകാര്യത്തിലും ജനകീയ അഭിപ്രായം തേടി തീരുമാനങ്ങളിലും ജനപ്രിയ തീരുമാനങ്ങളുമായി ജനങ്ങളോടൊപ്പം സധൈര്യം മുന്നോട്ടു പോകും മനപ്പൂർവ്വം കള്ളവാർത്തകളും പരിഹാസ പ്രചരണങ്ങളുമായി വരുന്ന ഗൂഢാലോചനക്കാരെ നിയമപരമായും ജനകീയമായുംനേരിടുക തന്നെ ചെയ്യും. ഈ ഭരണസമിതി എന്നും ജനങ്ങളോടൊപ്പം സാധാരണക്കാരനൊപ്പം നിയമത്തിനും നീതിക്കുമൊപ്പം.കെ കെ ശാന്താറാം