India

അമ്മ തന്നോട് പിണങ്ങി മിണ്ടാതിരുന്നതിൽ മനംനൊന്ത് പരിഹാരം തേടി രണ്ട് കിലോമീറ്റർ ദൂരം ഓടി പോലീസ് സ്റ്റേഷനിലെത്തി എട്ടുവയസ്സുകാരൻ

Posted on

അമ്മ തന്നോട് പിണങ്ങി മിണ്ടാതിരുന്നതിൽ മനംനൊന്ത് പരിഹാരം തേടി രണ്ട് കിലോമീറ്റർ ദൂരം ഓടി പോലീസ് സ്റ്റേഷനിലെത്തി എട്ടുവയസ്സുകാരൻ. തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ രാസിപുരത്താണ് പോലീസുകാരെയും നാട്ടുകാരെയും ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ കൗതുകകരമായ സംഭവം അരങ്ങേറിയത്. മല്ലൂരിന് സമീപത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ബാലനാണ് തന്റെ വലിയ സങ്കടവുമായി രാസിപുരം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്.

വീട്ടിലെ സോഫയ്ക്ക് കേടുപാടുകൾ വരുത്തിയതിന് കഴിഞ്ഞ ദിവസം രാവിലെ അമ്മ കുട്ടിയെ വഴക്കുപറയുകയും ചെറുതായി അടിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിലെത്തിയപ്പോഴും, പിന്നീട് ട്യൂഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും അമ്മ തന്നോട് ഒരക്ഷരം പോലും സംസാരിക്കാൻ തയ്യാറായില്ല. അമ്മയുടെ ഈ നീണ്ട മൗനം കുഞ്ഞിനെ വല്ലാതെ വിഷമിപ്പിച്ചു. എന്തുകൊണ്ടാണ് തന്നോട് സംസാരിക്കാത്തതെന്ന് പലതവണ ചോദിച്ചിട്ടും അമ്മ മറുപടി നൽകാതിരുന്നതോടെ, ബാലൻ തമാശരൂപേണ ഒരു ക്രിക്കറ്റ് ബാറ്റുമെടുത്ത് അമ്മയുടെ അടുത്തേക്ക് ചെന്നു.

ഇതോടെ ഭയപ്പെടുത്താനായി അമ്മ പോലീസിനെ വിളിച്ചു പരാതി പറയുന്നതുപോലെ അഭിനയിച്ചു. എന്നാൽ അമ്മ വിളിക്കേണ്ടെന്നും പരാതി പറയാൻ താൻ തന്നെ സ്റ്റേഷനിലേക്ക് പോവുകയാണെന്നും പ്രഖ്യാപിച്ച് കുട്ടി വീട്ടിൽ നിന്നിറങ്ങി ഓടുകയായിരുന്നു. കിതച്ചുകൊണ്ട് രണ്ട് കിലോമീറ്ററോളം ദൂരം ഓടി സ്റ്റേഷനിലെത്തിയ കുട്ടിയുടെ ‘അമ്മ മിണ്ടുന്നില്ല’ എന്ന നിഷ്കളങ്കമായ പരാതി കേട്ട് പോലീസുകാർ അമ്പരന്നുപോയി.

കുട്ടിയെ ആശ്വസിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്നം സ്നേഹത്തോടെ ഒത്തുതീർപ്പാക്കി. കുട്ടികളുടെ മനസ്സിനേൽക്കുന്ന ഇത്തരം ചെറിയ സങ്കടങ്ങളുടെയും അവരുടെ അസാധാരണമായ പ്രതികരണങ്ങളുടെയും ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ കൗതുകത്തോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version