Kerala

എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: എൻ. ഹരി

Posted on

 

പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026–27 അധ്യയന വർഷത്തെ കൊമേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. റബ്ബർ ബോർഡ് ചെയർമാൻ ശ്രീ. എൻ. ഹരി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സാധ്യതകൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ എ.ഐ. സാങ്കേതികവിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന്  എൻ. ഹരി പറഞ്ഞു.

പഠനം, ഗവേഷണം, ആശയവിനിമയം, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളിൽ എ.ഐ. വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണെന്നും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് വിദ്യാർത്ഥികൾ നിരന്തരം അറിവ് നേടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ ഡിജിറ്റൽ പേയ്മെന്റുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഡിജിറ്റൽ ഇടപാടുകളുടെ വർധിച്ചുവരുന്ന പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് വിദ്യാർത്ഥികൾ സാമ്പത്തിക, ഡിജിറ്റൽ മേഖലകളിലെ അറിവ് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. കൊമേഴ്‌സ് ഫോറം ഡയറക്ടറും പരിപാടിയുടെ കൺവീനറുമായ ഡോ. ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൊമേഴ്‌സ് ഫോറം പ്രസിഡന്റ് ശ്രീ. ആഞ്ചലോ ബിനു അധ്യക്ഷത വഹിച്ചു.

കൊമേഴ്‌സ് വിഭാഗം മേധാവി ശ്രീ. ബോബി സൈമൺ സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ ആശംസകൾ നേർന്നു. കൊമേഴ്‌സ് വിഭാഗം അധ്യാപകൻ ശ്രീ. അലൻ ജോർജ് നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ കഴിവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കു ന്നതിനായി ഉദ്ഘാടനച്ചടങ്ങിന് ശേഷം ‘Talent Day Celebrations’ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version