Kerala
രജതജൂബിലി നിറവിൽ പാലാ സെന്റ് ജോസഫ്സ് കോളേജ്: ജൂബിലി ആഘോഷങ്ങൾ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു
പാലാ: ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (SJCET) ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ ഭദ്രദീപം കൊളുത്തി രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
കാൽനൂറ്റാണ്ട് മുമ്പ് കേരളത്തിലെ സാധാരണക്കാരുടെ മക്കൾക്ക് അപ്രാപ്യമായിരുന്ന എൻജിനീയറിങ് വിദ്യാഭ്യാസം അവർക്ക് ലഭ്യമാക്കുന്നതിൽ പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജ് നിർണായക പങ്കുവഹിച്ചുവെന്ന് മന്ത്രി റോജി എം ജോൺ പ്രസ്താവിച്ചു.കേരളത്തിൽ മൂന്നോ നാലോ ഗവൺമെൻ്റ് എൻജിനീയറിങ് കോളേജുകൾ മാത്രമുണ്ടായിരുന്ന ഒരു കാലത്ത്, എൻജിനീയറിങ് പഠനവും പ്രവേശനവും അപൂർവം ചിലർക്ക് മാത്രം ലഭിക്കുന്ന ഒന്നായിരുന്നു. ആ കാലഘട്ടത്തിലാണ് സെന്റ് ജോസഫ്സ് കോളേജ് സ്ഥാപിതമാകുന്നത്. പാലായിലും സമീപപ്രദേശങ്ങളിലുമുള്ള ഒട്ടേറെ വിദ്യാർത്ഥികൾക്ക് മികവുറ്റ വിദ്യാഭ്യാസം നൽകാൻ ഇതിലൂടെ സാധിച്ചു. അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വലിയ പ്രതിഫലം നൽകുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് പാലാ രൂപത വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ആ നിക്ഷേപം എത്രത്തോളം വലുതായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലെ വിവിധ സേവന മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും സെന്റ് ജോസഫ്സിലെ പൂർവ്വവിദ്യാർത്ഥികളുടെ സാന്നിധ്യമുണ്ട്. നാടിന് ഈ സ്ഥാപനം നൽകിയ സംഭാവനകൾ വളരെ വലുതാണ്. എന്നാൽ ഇവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും, വിദ്യാഭ്യാസ രംഗത്ത് സെന്റ് ജോസഫ്സിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകുവാനുണ്ടെന്നും മന്ത്രി റോജി എം ജോൺ കൂട്ടിച്ചേർത്തു.
സെന്റ് ജോസഫ്സ് കോളേജ് ചെയർമാൻ വെരി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ പാലാ രൂപതാ മെത്രാനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. പാലാ രൂപതാ ബിഷപ്പ് എമിരറ്റസും സ്ഥാപക രക്ഷാധികാരിയുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
രജതജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ലോഗോയുടെ പ്രകാശനവും ചടങ്ങിലെ മുഖ്യപ്രഭാഷണവും സംസ്ഥാന ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു. പാലാ എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ, പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് സ്ഥാപക വേളയിൽ സാരഥികളായിരുന്ന മുൻകാല അധികാരികളെ ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യാ കൃതജ്ഞത രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.
2002ൽ പാലാ രൂപത സ്ഥാപിച്ച ഈ കലാലയം സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് കേരളത്തിലെ മുൻനിര ഓട്ടോണമസ് എൻജിനീയറിങ് കോളേജുകളിലൊന്നായി മാറിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ പുതിയ കാലത്തെ കോഴ്സുകൾ ഉൾപ്പെടെ 10 ബി.ടെക് പ്രോഗ്രാമുകളും 5 എം.ടെക് പ്രോഗ്രാമുകളും എം.ബി.എ (MBA), എം.സി.എ (MCA), ഇന്റഗ്രേറ്റഡ് എം.സി.എ (Integrated MCA) പ്രോഗ്രാമുകളും ഇവിടെ ലഭ്യമാണ്. കോളേജിലെ ഏഴ് ഡിപ്പാർട്ട്മെന്റുകൾ മികച്ച ഗവേഷണ സൗകര്യങ്ങളോട് കൂടിയ അംഗീകൃത പി.എച്ച്.ഡി (Ph.D) സെന്ററുകളായി പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികൾക്കായി 33 ബസ്സുകളുൾപ്പെടുന്ന യാത്രാസൗകര്യം, ആയിരത്തിലേറെ പേർക്ക് താമസിക്കാവുന്ന 4 വിശാലമായ ഹോസ്റ്റലുകൾ, അറുപത്തിയയ്യായിരത്തോളം പുസ്തകങ്ങളും ഡിജിറ്റൽ സംവിധാനങ്ങളുമുള്ള ലൈബ്രറി എന്നിവയും ക്യാമ്പസിന്റെ സവിശേഷതയാണ്.
ആദ്യ സൈക്കിളിൽത്തന്നെ നാക് (NAAC) എ ഗ്രേഡ്, എൻ.ബി.എ (NBA) അക്രഡിറ്റേഷൻ, കിർഫ് (KIRF) റാങ്കിങ്ങിലെ മികച്ച സ്ഥാനം എന്നിവ സ്ഥാപനത്തിന്റെ ഉയർന്ന നിലവാരം തെളിയിക്കുന്നു. അക്കാദമിക നിലവാരത്തിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും ഐ.എസ്.ഒ സർട്ടിഫിക്കേഷനുകളും, ഹരിത കേരളം മിഷന്റെ ‘എ പ്ലസ് ഗ്രേഡഡ് ഗ്രീൻ ഇൻസ്റ്റിറ്റ്യൂഷൻ’ പദവിയും കോളേജ് സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച ക്യാമ്പസ് പ്ലേസ്മെന്റ് റെക്കോർഡിന് പുറമെ, വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കാൻ സഹായിക്കുന്ന എസ്.ഐ.ഐ.എഫ് (SIIF) ഇൻകുബേഷൻ കേന്ദ്രം, പ്രായോഗിക പഠനത്തിനായി 3D പ്രിന്ററുകളും സി.എൻ.സി മെഷീനുകളുമുള്ള ഐഡിയ ലാബ്, വ്യവസായിക രംഗത്തെ ലൈവ് പ്രൊജക്റ്റുകൾ പരിശീലിക്കാനുള്ള സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്റർ എന്നിവ വിദ്യാർത്ഥികളെ ലോകോത്തര പ്രൊഫഷണലുകളാക്കാൻ പ്രാപ്തരാക്കുന്നു.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് രജതജൂബിലിയുടെ നിറവിൽ ശോഭയോടെ തലയുയർത്തി നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് കേവലം പാഠ്യവിഷയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, നൂതന ഗവേഷണങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണ നൽകി മുൻപോട്ട് കുതിക്കുകയാണ്.പിന്നിട്ട കാൽനൂറ്റാണ്ട് ഒരു ചരിത്രത്തിന്റെ അവസാനമല്ല; മറിച്ച് വരാനിരിക്കുന്ന വലിയ കുതിപ്പുകളുടെ തുടക്കമാണ്. പാരമ്പര്യത്തിന്റെ അടിത്തറയിൽ ഭാവിയുടെ സാങ്കേതിക ലോകത്തെ വാർത്തെടുക്കാൻ ഒരുങ്ങുകയാണ് പാലാ സെന്റ് ജോസഫ്സ് കോളേജ്.