Kerala

മറിച്ചു കുത്തിയവനെ തിരിച്ചു കുത്തിച്ചതാണോ ;മറിച്ചു കുത്തിയവൻ തിരിച്ചു കുത്താനായി അഖിലേന്ത്യൻമാർ കാലു പിടിച്ചതാണോ :മൂന്നിലവിലെ രാഷ്ട്രീയ നാടകം ചെഞ്ചെമ്മേ

Posted on

മൂന്നിലവ് : മൂന്നിലവ് പഞ്ചായത്തിലെ അധികാരസ്ഥാനങ്ങൾ കൈമാറുന്നതിൽ വിശ്വാസവഞ്ചന കാണിച്ച വിമത കോൺഗ്രസ് നേതാക്കളെയും പഞ്ചായത്ത് മെമ്പർമാരെയും മര്യാദ പഠിപ്പിച്ച് ജില്ല യുഡിഎഫ് നേതൃത്വം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ മുൻധാരണ പ്രകാരം കേരള കോൺഗ്രസിന് വാഗ്ദാനം ചെയ്തിരുന്ന രണ്ടുവർഷത്തെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ചതിയിലൂടെ തട്ടിയെടുത്ത് കേരള കോൺഗ്രസിനെ വഞ്ചിച്ച വ്യക്തിക്ക് നൽകിയത് മുതൽ മൂന്നിലവിലെ യുഡിഎഫിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്ന് സിറ്റിംഗ് സീറ്റുകൾ ഉണ്ടായിരുന്ന കേരള കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് മാത്രം മത്സരിക്കാൻ അനുവദിച്ച് കേരള കോൺഗ്രസ് പാർട്ടിയെ ഒതുക്കാൻ ശ്രമിച്ചത് അനൈക്യത്തിന് ആക്കംകൂട്ടി.

മത്സരിക്കാൻ ലഭിച്ച ഏക സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചപ്പോൾ കേരള കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തത് ഉൾപ്പെടെ 13 സീറ്റിൽ മത്സരിച്ച കോൺഗ്രസ് വിജയിച്ചതാവട്ടെ അഞ്ചു സീറ്റിലും. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പാക്കി 14 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 8 സീറ്റുകൾ ഉറപ്പാക്കിയെങ്കിലും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഇത്തവണയും തർക്കം ഉടലെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിൽ അവസാന രണ്ട് വർഷം വാഗ്ദാനം ചെയ്തിരുന്ന പ്രസിഡന്റ് സ്ഥാനം നൽകാതെ വഞ്ചിച്ച മുൻ അനുഭവം ഓർമ്മയിൽ ഉള്ളതുകൊണ്ട് ഇത്തവണ ആദ്യ അവസരത്തിൽ  തന്നെ രണ്ടു വർഷം പ്രസിഡണ്ട് സ്ഥാനം കേരള കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും നൽകുവാൻ കോൺഗ്രസ് തയ്യാറായില്ല. പകരം ആദ്യ നാല് വർഷം കോൺഗ്രസിനും അവസാന ഒരുവർഷം കേരള കോൺഗ്രസിനും എന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും അറക്കും എന്ന് പറയുന്നതുപോലെ ഒരു ചതിയുടെ ദുരനുഭവം ഉള്ളതുകൊണ്ട് അവസാന ഒരു വർഷം എന്ന കോൺഗ്രസ് നിർദ്ദേശത്തിന് വഴങ്ങേണ്ടതില്ല എന്ന് കേരള കോൺഗ്രസ് മണ്ഡലം നേതൃത്വം തീരുമാനിക്കുകയും നിയോജകമണ്ഡലം – ജില്ലാ നേതൃത്വങ്ങളെ ഈ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് നടന്ന ചർച്ചകളിൽ ആദ്യ ടേമിൽ രണ്ടുവർഷം എന്ന നിർദ്ദേശം ആദ്യ ടേം ആണെങ്കിൽ ഒരു വർഷമായി കുറയ്ക്കാം എന്ന് കേരള കോൺഗ്രസ് പാർട്ടി തീരുമാനിക്കുകയും കോൺഗ്രസിനെ ഈ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ ഭരണപരിചയം ഉള്ളവർ ആദ്യ ടേം പ്രസിഡണ്ടായി ഇല്ലെങ്കിൽ മൂന്നിലവ് പഞ്ചായത്തിൽ എന്തോ വലിയ അപകടങ്ങൾ സംഭവിക്കുമെന്നും മുൻഭരണസമിതിയുടെ കാലത്തെചില തുടർ പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ ഉള്ളതുകൊണ്ട് ആദ്യ തവണ കോൺഗ്രസ് തന്നെയും മുൻ പ്രസിഡണ്ട് തന്നെയും പ്രസിഡന്റ് ആകണമെന്നുമുള്ള വിമത കോൺഗ്രസ് നേതൃത്വത്തിന്റെ പിടിവാശിയാണ് തുടർന്ന് നടന്ന സംഭവവികാസങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ചത്. തുടർന്ന് നടന്ന പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് അംഗം ഗത്യന്തരം  ഇല്ലാതെ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

കേരള കോൺഗ്രസ് അംഗത്തിന്റെ വോട്ട് കൂടി ലഭിച്ച തോടുകൂടി ഇടതുപക്ഷത്തിന്റെ വോട്ട് 7 ആയി വർധിക്കുകയും യുഡിഎഫിന്റെ വോട്ട് ഏഴ് ആയി ചുരുങ്ങുകയും ചെയ്തു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യാതൊരു മുൻ പരിചയവും ഇല്ലാതിരുന്നിട്ടും വനിതയായ പ്രസിഡന്റ് എട്ടുമാസത്തോളം പഞ്ചായത്ത് ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നത് കണ്ടപ്പോളും അധികാരസ്ഥാനങ്ങൾക്കായി ഉടുവസ്ത്രം മാറുന്ന ലാഘവത്തോടെ പാർട്ടികൾ മാറി നടക്കുന്ന കോൺഗ്രസിലെ പ്രസിഡണ്ട് സ്ഥാന മോഹിക്ക് കക്കാനും കയ്യിട്ടുവാരാനും പിരിക്കാനും സാധിക്കുമായിരുന്ന എട്ടു മാസങ്ങൾ നഷ്ടമായത് ഉൾക്കൊള്ളാൻ ആവാതെ വന്നപ്പോഴും ആണ് ഇക്കൂട്ടർക്ക് ബോധോദയം ഉണ്ടായത് .കോട്ടയം ആകാശ  പാതയിൽ പടവലം കയറ്റി വിട്ട നേതാവ് ;ആ പടവലത്തിനു  വള്ളി വീശും മുമ്പേ വീണ്ടും പാർട്ടി മാറിയതും ഒക്കെ മൂന്നിലവകാർ ഓർത്തെടുക്കുന്നു .

അങ്ങനെയാണ് ഏതു വിധേനയും  ഭരണം തിരികെ പിടിക്കാൻ കേരള കോൺഗ്രസിന് ആദ്യ അവസരത്തിൽ പ്രസിഡന്റ് സ്ഥാനം എന്ന ഡിമാൻഡ് അംഗീകരിക്കാൻ  അഖിലേന്ത്യന്മാർ തീരുമാനിച്ചത് . ആദ്യ ടേം ഒരു വർഷം പ്രസിഡണ്ട് സ്ഥാനം എന്ന കേരള കോൺഗ്രസ് ആവശ്യത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നതിന്റെ ജാള്യത മറക്കാനാണ് ഇപ്പോൾ “മറിച്ചു കുത്തിയവനെ തിരിച്ചു കുത്തിച്ചു മൂന്നിലവിലെ യുഡിഎഫ് നേതൃത്വം” എന്ന മട്ടിൽ ഓൺലൈൻ ചാനലുകാർക്ക് വാർത്ത  നൽകി മൂന്നിലവിലെ വിമത കോൺഗ്രസുകാർ നാണംകെട്ട കളി കളിക്കുന്നത്. മണ്ഡലം പ്രസിഡന്റ് സ്ഥാനം നഷ്ടമായത് മുതൽ മൂന്നലവിലെ കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കുവാനും ഔദ്യോഗിക നേതൃത്വത്തിനെതിരെ വിമത പ്രവർത്തനം നടത്തുവാനും ശ്രമിച്ചുവന്നിരുന്ന മുൻ മണ്ഡലം പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് കുട പിടിച്ചിരുന്ന രാമപുരംകാരനായ ജില്ലാ സെക്രട്ടറിയുടെയും നീക്കങ്ങൾ മറികടന്ന് മൂന്നിലവിലെ ഔദ്യോഗിക കോൺഗ്രസ് നേതൃത്വത്തിന്റെയും കേരള കോൺഗ്രസിന്റെയും ആവശ്യങ്ങൾ വിമത വിഭാഗത്തെ വരച്ച വരയിൽ നിർത്തി അംഗീകരിപ്പിച്ച് കൊണ്ട് മൂന്നലവിൽ യുഡിഎഫ് ഭരണം പുനസ്ഥാപിക്കാൻ സാധിച്ചതിന്റെ ആഹ്ദളാത്തിലാണ് മൂന്നിലവിലെ യുഡിഎഫ് പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version