Kerala
ഷോർട്ട് സർക്യൂട്ട് മൂലം സീലിംഗ് ഫാൻ തീപിടിച്ച് കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു
എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെയും ഭാര്യയുടെയും മകൾ ശ്രീഭദ്രയാണ് പൊള്ളലേറ്റ് മരിച്ചത് . കുട്ടി കിടപ്പുമുറിയിലെ കട്ടിലിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലുണ്ടായിരുന്ന വാൾഫാനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും ഫാൻ പൂർണ്ണമായി തീപിടിച്ച് ഉരുകി താഴെയുള്ള കിടക്കയിലേക്ക് വീഴുകയുമായിരുന്നു. കിടക്കയ്ക്കും തീപിടിച്ചതോടെ കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു.
ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുന്നവരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. കുട്ടിയെ മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം ഇവർ പുറത്ത് ജോലിക്ക് പോയ സമയത്താണ് ഈ ദാരുണ സംഭവം നടന്നത്. വീടിനുള്ളിൽ നിന്നും പുക ഉയർന്നത് കണ്ട് ഓടിയെത്തിയപ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .