Kerala
12 വർഷം മുൻപ് വിദ്യാർഥിനിയെ തെരുവുനായ കടിച്ച സംഭവത്തിൽ പഞ്ചായത്ത് 52,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
12 വർഷം മുൻപ് വിദ്യാർഥിനിയെ തെരുവുനായ കടിച്ച സംഭവത്തിൽ പഞ്ചായത്ത് 52,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സ്ട്രേ ഡോഗ് വിക്ടിം നഷ്ടപരിഹാര ശുപാർശ കമ്മിറ്റിയുമാണ് കീഴരിയൂർ ഗ്രാമപഞ്ചായത്തിനോട് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
2014 മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിൽ ബി.ബി.എ വിദ്യാർഥിനിയായിരുന്ന അമൃതപ്രിയയ്ക്ക് റോഡിലൂടെ നടന്നുപോകുമ്പോഴാണ് തെരുവുനായയുടെ ആക്രമണമേറ്റത്. ആക്രമണത്തിൽ അമൃതപ്രിയയുടെ വലതുകാലിലും ഇടതുകയ്യിലും ഗുരുതരമായി കടിയേറ്റിരുന്നു. പരിക്കുകളെ തുടർന്ന് ഒരു മാസത്തോളം അമൃതപ്രിയയ്ക്ക് കോളജിൽ പോകാൻ സാധിച്ചിരുന്നില്ല.
പഠനത്തെയും ദിനചര്യകളെയും ബാധിച്ച ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വർഷങ്ങൾക്ക് ശേഷം അനുകൂല വിധി വന്നിരിക്കുന്നത്. സംഭവം നടക്കുമ്പോൾ കോളജ് വിദ്യാർഥിയായിരുന്ന അമൃതപ്രിയ നിലവിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്യുകയാണ്.
ഇപ്പോൾ വന്നിരിക്കുന്ന ഈ വിധി കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത് .12 വർഷത്തിന് ശേഷമാണ് വിധി വന്നതെങ്കിലും പല പഞ്ചായത്തുകൾക്കും ഇതൊരു ബാധ്യതയായിത്തീരുമെന്നു നിരീക്ഷകർ കരുതുന്നു .