Kerala
വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു:പാലാ ;പൂഞ്ഞാർ എന്നിവിടങ്ങളിൽ ഉള്ളവർക്കും ഗുണകരമാവും
കോട്ടയം: ‘അതിരമ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാൻ വഞ്ചിനാട് എക്സ്പസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് ദിവസേന യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും പുലർച്ചെ ഏറ്റുമാനൂർ വഴി കടന്നുപോകുന്ന ട്രെയിനിന് സ്റ്റോപ്പില്ലാത്തത് വലിയ തിരിച്ചടിയാണ്. തലസ്ഥാന നഗരിയിലെ സർക്കാർ ഓഫിസുകളിലും ഐടി കമ്പനികളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകൾ നിലവിൽ കോട്ടയത്ത് എത്തിയാണ് ട്രെയിൻ കയറുന്നത്. റീജിയണൽ കാൻസർ സെന്റർ (ആർസിസി) ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലേക്ക് പോകുന്ന രോഗികളും ഈ യാത്രാക്ലേശം മൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഏറ്റുമാനൂരിൽ വഞ്ചിനാടിന് സ്റ്റോപ്പ് അനുവദിച്ചാൽ തിരുവനന്തപുരം യാത്രക്കാർക്ക് വലിയ ആശ്വാസമായി അത് മാറും.
കുറവിലങ്ങാട്, പാലാ, കടുത്തുരുത്തി, നീണ്ടൂർ, വയലാ, പേരൂർ, കിടങ്ങൂർ തുടങ്ങി സമീപത്തെ ഒട്ടേറെ മലയോര-ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്കും ഈ സ്റ്റോപ്പ് ഏറെ പ്രയോജനപ്പെടും. ഈ മേഖലകളിൽ നിന്നുള്ള യാത്രക്കാർ പുലർച്ചെയുള്ള ട്രെയിൻ പിടിക്കാൻ വളരെയധികം പണം മുടക്കി കോട്ടയം സ്റ്റേഷനിലേക്ക് ടാക്സി വിളിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് യാത്രാച്ചെലവും സമയനഷ്ടവും വർധിപ്പിക്കുന്നുവെന്ന് യാത്രക്കാർ തുടർച്ചയായി പരാതിപ്പെടുന്നുണ്ട്. കോട്ടയം സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും ഏറ്റുമാനൂരിലെ സ്റ്റോപ്പ് അനുയോജ്യമായ പരിഹാരമാകുമെന്ന് യാത്രാ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമായ ട്രെയിൻ സ്റ്റോപ്പിനായി ജനകീയ ഇടപെടലുകൾ വീണ്ടും സജീവമായത്.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് അതിരമ്പുഴയിലെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മുന്നിലാണ് നാട്ടുകാർ ഈ ആവശ്യവുമായി നേരിട്ടെത്തിയത്. അതിരമ്പുഴ പള്ളിയിലെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഫോറാന പള്ളി വികാരി റെവ. ഫാദർ മാത്യു പടിഞ്ഞാറേക്കുറ്റുമായി ആലോചിച്ചാണ് നിവേദനം തയാറാക്കിയത്. തുടർന്ന് അസിസ്റ്റന്റ് വികാരി റെവ. ഫാദർ മാർട്ടിൻ നീളപ്പറമ്പിൽ, കാത്തോലിക് യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ, പള്ളി കൈക്കാരന്മാർ എന്നിവർ ചേർന്ന് സുരേഷ് ഗോപിക്ക് നിവേദനം കൈമാറി. നിവേദനം സ്വീകരിച്ച കേന്ദ്രമന്ത്രി പ്രശ്നത്തിന്റെ ഗൗരവം കൃത്യമായി ഉൾക്കൊള്ളുകയും അനുഭാവപൂർവമായ നിലപാട് അറിയിക്കുകയും ചെയ്തു. റെയിൽവേയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടാകാൻ നേരിട്ട് ഇടപെടാമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പുനൽകി.
അതിരമ്പുഴ പള്ളി അധികൃതർക്ക് പുറമെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയും വഞ്ചിനാടിന്റെ സ്റ്റോപ്പിനായി സമാനമായ നിവേദനം സുരേഷ് ഗോപിക്ക് നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിയെ നേരിൽക്കണ്ട് വിഷയം ധരിപ്പിച്ച ക്ഷേത്ര സമിതി പ്രതിനിധികൾ ഭക്തരുടെയും നാട്ടുകാരുടെയും ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. റെയിൽവേയുടെ ഉന്നത അധികാരികളുമായി വിഷയം ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രായോഗിക സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം മറുപടി നൽകി. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയത് നാട്ടുകാരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേന്ദ്രമന്ത്രിയുടെ ഉറച്ച ഇടപെടൽ ഈ ദീർഘകാല ആവശ്യത്തിന് ഉടൻ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.
മധ്യ-തെക്കൻ കേരളത്തിലെ അതിപുരാതനവും വിഖ്യാതവുമായ ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അതിരമ്പുഴ ഫോറാന പള്ളി. ചരിത്രപ്രാധാന്യമുള്ള വിശുദ്ധ സെബാസ്റ്റ്യനോസിന്റെ മകരം തിരുനാൾ മഹോത്സവ ദിവസങ്ങളിൽ വഞ്ചിനാട് എക്സ്പ്രസിന് റെയിൽവേ മുൻപ് ഇവിടെ താത്കാലിക സോപ് അസദിക്കാറുണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളാണ് തിരുനാൾ നാളുകളിൽ
തീർഥാടനത്തിനായി’ ഏറ്റുമാനൂർ വഴി ‘പള്ളിയിലേക്ക് എത്തിച്ചേരുന്നത്. തിരുനാൾ ദിവസങ്ങളിൽ ലഭിക്കുന്ന ഈ സൗകര്യം സ്ഥിരമാക്കിയാൽ ജനങ്ങൾക്ക് അത് ‘നിത്യേനയുള്ള വലിയ അനുഗ്രഹമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റെയിൽവേയുടെ ഈ താൽക്കാലിക പരിഗണന സ്ഥിരമായ സ്റ്റോപ്പാക്കി മാറ്റണമെന്നാണ് പള്ളി അധികൃതരുടെയും ഭക്തജനങ്ങളുടെയും പ്രധാന ആവശ്യം.
ഏറ്റുമാനൂരിലെ ഹൈന്ദവ-ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിലെ പ്രതിനിധികളും പൊതുജനങ്ങളും ഒത്തുചേർന്ന് നടത്തിയ ഈ മാതൃകാപരമായ മുന്നേറ്റത്തെ ഏവരും സ്വാഗതം ചെയ്യുകയാണ്. മതസൗഹാർദത്തിന്റെ ഉത്തമ മാതൃക ഉയർത്തിപ്പിടിച്ചാണ് പള്ളിയും ക്ഷേത്ര സമിതിയും ഒരേ ആവശ്യത്തിന് വേണ്ടി ഒരേ മനസ്സോടെ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയത്. സമുദായ സംഘടനകൾ ഈ നാടിന്റെ അടിസ്ഥാന ആവശ്യത്തിനായി കൈകോർക്കുന്നത് മറ്റ് പ്രദേശങ്ങൾക്കും വലിയ പ്രചോദനമാണെന്ന് പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു. ഇത്തരമൊരു ഐക്യം നാടിന്റെ വികസനത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് യാത്രക്കാരുടെ കൂട്ടായ്മകളും ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ യാത്രാസൗകര്യത്തിനുമായി നടത്തുന്ന ഈ ഒത്തുചേരൽ ജനപ്രതിനിധികളുടെയും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
സമുദായിക സംഘടനകൾ ഒന്നിച്ച് വഞ്ചിനാട് എക്സ്പസിന് വേണ്ടി രംഗത്തിറങ്ങിയതോടെ ഏറ്റുമാനൂർ നാടിനാകെ ആവേശമായി മാറിയിരിക്കുകയാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ സംയുക്ത നീക്കം ഏവർക്കും അഭിമാനകരമാണെന്നും റെയിൽവേ അധികൃതർക്ക് ഈ ആവശ്യം അവഗണിക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ വരും ദിവസങ്ങളിൽ തന്നെ അനുകൂലമായ റെയിൽവേ ഉത്തരവ് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രദേശവാസികൾ. ട്രെയിനിന് സ്റ്റോപ്പ് യാഥാർഥ്യമായാൽ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും അടക്കം ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശുഭവാർത്തയ്ക്കായി ഏറ്റുമാനൂരിലെ പൊതുസമൂഹം ഒന്നടങ്കം കാത്തിരിക്കുകയാണ്.