Kerala
പാലാ നഗരസഭ :കുതിരക്കാരൻ കുടുംബക്കാരൻ ആവേണ്ട :ആർ വി തോമസ്
കോൺഗ്രസ് കൗൺസിലറുടെ പേരിൽ കള്ള ഒപ്പിട്ട് പോലീസിൽ പരാതി കൊടുക്കുന്നതും, യുഡിഎഫിന്റെ പ്രസ്താവനകൾ മാധ്യമങ്ങൾക്ക് കൊടുക്കുന്നതും സ്വതന്ത്ര മുന്നണി കൗൺസിലർ; സ്വതന്ത്ര മുന്നണിയുടെ കളിപ്പാവകൾ ആയി നിൽക്കുന്ന കൗൺസിലർമാർ യുഡിഎഫ് ലേബൽ ദുരുപയോഗം ചെയ്യുന്നത് ചോദ്യം ചെയ്യുക തന്നെ ചെയ്യും; മുന്നണിയുടെ തീരുമാനങ്ങൾ അറിയിക്കുവാൻ ഉള്ള അധികാരം മുന്നണി ചെയർമാൻമാർക്കും കൺവീനർമാർക്കും: തോമസ് ആർ വി ജോസ്
പാർട്ടി, മുന്നണി ഘടനക്ക് മുകളിൽ അല്ല പാർലമെന്ററി പാർട്ടി. എന്നാൽ അത് അങ്ങനെയാണ് എന്ന് സ്ഥാപിച്ചെടുക്കുവാനും പാലായിലെ യുഡിഎഫ് മുന്നണി സംവിധാനത്തെ ഹൈജാക്ക് ചെയ്യുവാനും നഗരസഭയിലെ സ്വതന്ത്ര മുന്നണി ശ്രമിക്കുകയും അതിന് ചില യുഡിഎഫ് കൗൺസിലർമാർ കൂട്ടുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തെ ചോദ്യം ചെയ്യേണ്ടതാണ് എന്ന ഉത്തമ വിശ്വാസത്തിൽ തന്നെയാണ് ചോദ്യം ചെയ്തിട്ടുള്ളത്. മുന്നണിയുടെ പേരിൽ പ്രസ്താവന കൊടുക്കുന്നത് പോലും സ്വതന്ത്ര മുന്നണി നേതാവാണ് എന്നുള്ളത് പാലായിലെ മാധ്യമപ്രവർത്തകർക്ക് അറിവുള്ള കാര്യമാണ്. ഇടതുമുന്നണിയുടെ ഭാഗമായി ഇരുന്ന് അധികാരത്തിന്റെ നടുക്കഷണത്തിന്റെ ആനുകൂല്യങ്ങൾ പറ്റിയവർ ഇപ്പോൾ പാർട്ടിയുടെയും മുന്നണിയുടെയും നേതാക്കളെ ചോദ്യം ചേയ്യുകയും ഇരുളിൽ നിർത്തിക്കൊണ്ട് കാര്യസ്ഥന്മാർ ആകാൻ ശ്രമിക്കുന്ന സംവിധാനത്തെയാണ് ചോദ്യം ചെയ്തത്.
പാലാ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനോടും മണ്ഡലം യുഡിഎഫ് ചെയർമാനോടും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയതിന് ശേഷം തന്നെയാണ് പ്രതികരിച്ചത്. ഇടതുമുന്നണി കേരളം ഭരിച്ചിരുന്ന കാലത്ത് ഡിസിസി പ്രസിഡണ്ടിനെയും കോൺഗ്രസ് നേതാക്കളെയും തെറി പറഞ്ഞു നടന്നവർ ഇന്ന് കോൺഗ്രസ്നേഹം പറയുന്നതിലെ കാപട്യം അംഗീകരിക്കുവാൻ കഴിയാത്തതിനാൽ തന്നെയാണ് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നിട്ടുള്ളത്.
സ്വന്തം പാർട്ടി സംവിധാനങ്ങളോടും മുന്നണി സംവിധാനത്തോടും ഇല്ലാത്ത കൂറ് സ്വതന്ത്ര മുന്നണിയോട് കാണിക്കുന്ന കൗൺസിലർമാരുടെ നിലപാടില്ലായ്മ തന്നെയാണ് ഈ പ്രസ്താവനകളിൽ വ്യക്തമാക്കുന്നത്. സ്വതന്ത്ര മുന്നണി നേതാവിന് പങ്കെടുക്കുവാൻ കഴിയാത്ത കൗൺസിൽ യോഗങ്ങൾ ബഹിഷ്കരിക്കണമെന്ന് കോൺഗ്രസ് കൗൺസിലറുടെ മേൽ സമ്മർദ്ദം ചെലുത്തുന്നവരാണ് തനിക്കെതിരെ പ്രസ്താവന ഇറക്കിയത് എന്ന പരിഹാസവും തോമസ് ആർ വി ഉയർത്തി. നഗരസഭയിലേക്ക് വിജയിച്ചു വരികയും ഇപ്പോൾ കോൺഗ്രസിനും ഒപ്പം ഉറച്ചു നിൽക്കുകയും ചെയ്യുന്ന യുവ വനിതാ കൗൺസിലറെ പരാജയപ്പെടുത്തുവാനായി അഹോരാത്രം ശ്രമിച്ചവർ വരെയാണ് ഇപ്പോൾ മുന്നണി സ്നേഹത്തിന്റെ കഥ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.