Kerala
ളാലം പഴയ പളളി ഇടവകയെ കണ്ണീരിലാഴ്ത്തി റെലൻ ജോബി യാത്രയായി
പാലാ: അകാലത്തിൽ അപകടത്തിൽ പൊഴിഞ്ഞ റെലൻ ജോബിക്ക് പാലാ കണ്ണീരിൽ പൊതിഞ്ഞ യാത്രാ മൊഴി നൽകി. കത്തീഡ്രൽ ഇടവക അംഗം ആയിരുന്നെങ്കിലും റെലാൻ്റെ പ്രവർത്തന മണ്ഢലം ളാലം പഴയ പള്ളി ആയിരുന്നു.എസ്.എം.വൈ.എം അംഗം, ളാലം പഴയ പള്ളി മീഡിയാ സെൽ അംഗം എന്നീ രംഗങ്ങളിലെല്ലാം നിറ സാന്നിധ്യമായിരുന്നു റെലാൻ ജൊബി.പOനത്തിനോടൊപ്പം ജോലി ചെയ്ത് പഠനത്തിനായുള്ള തുകയും റെലാൻ സമ്പാദിച്ചിരിന്നു.
റെ ലാൻ്റെ നിര്യാണത്തിൽ ഫ്രാൻസീസ് ജോർജ് എം.പി., ജോസ് കെ.മാണി എം.പി, മാണി സി.കാപ്പൻ എം.എൽ.എ., പെണ്ണമ്മ ജോസഫ്, അലൻ കക്കാട്ടിൽ, സന്തോഷ് കാവുകാട്ട്, ജോർജ് പുളിങ്കാട്, ലിജോ ആനിത്തോട്ടം, ജോഷി വട്ടക്കുന്നേൽ, ജോയി കളരിക്കൽ എന്നിവർ അനുശോചിച്ചു. ശവസംസ്കാര ശുശ്രൂഷകൾക്ക് കത്തീഡ്രൽ വികാരി റവ.ഫാ.ജോസഫ് മലേപ്പറമ്പിൽ, ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ ,റവ ഫാ.ജോസഫ് ആലഞ്ചേരി, ഫാ.ജേസഫ് തെങ്ങും പള്ളിൽ ,ഫാ.ജോൺസൺ പാക്കരമ്പേൽ, ഫാ.പോൾ കുന്നുംപുറത്ത്, ഫാ.ആൻ്റണി നങ്ങാപറമ്പിൽ, ഫാ.ഐസക്ക് പെരിങ്ങാമലയിൽ, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ, എന്നിവർ നേതൃത്വം നൽകി.
ജോൺസൻ പാക്കരമ്പേൽ അച്ചെൻ്റെ കുറിപ്പ് വൈറലാകുന്നു
മാലാഖക്കുഞ്ഞൻ😇👼
ചിലരുടെ വേർപാട് കാണുമ്പോൾ തോന്നും ആരെയും സ്നേഹിക്കണ്ടായിരുന്നു എന്ന്. ഭൂമിയിലെ ഒരു കൊച്ചുമാലാഖ 19 വർഷം പൂർത്തിയാക്കി സ്വർഗ്ഗത്തിലേക്ക് പോകുന്ന മനോഹരമായ കാഴ്ചയിൽ അല്പമെങ്കിലും മനംനൊന്താണ് ഞാനിത് എഴുതുന്നത്. തിരുപ്പട്ടം കിട്ടി ആദ്യം കൊച്ചച്ചനായി ളാലം പഴയപള്ളിയിൽ ചെല്ലുമ്പോൾ ആണ് ഞാൻ ഈ മാലാഖയെ കണ്ടുമുട്ടുന്നത്. അന്ന് 6-ാം ക്ലാസിൽ ആകണം അവൻ പഠിച്ചിരുന്നത്. നൊവേന പ്രാർത്ഥനകളുടെ തിരക്ക് കഴിഞ്ഞപ്പോൾ കയ്യിൽ രണ്ട് കിറ്റ്ക്യാറ്റും ഒരു ഡയറി മിൽക്കുമായി ഈ മാലാഖ എന്റെ മുറിയിൽ വന്നു. അധികമൊന്നും സംസാരിക്കില്ലായിരുന്നു. എല്ലാം ഒരു ചിരിയിലൂടെ അവൻ കമ്മ്യൂണിക്കേറ്റ് ചെയ്യുമായിരുന്നു. ഇത് എന്റെ അച്ചന് എന്ന് പറഞ്ഞ് ആ ചോക്ലേറ്റ് കയ്യിൽ വച്ചുതന്നു. എന്റെ പൗരോഹിത്യജീവിതത്തിൽ പള്ളിലച്ചന് ചോക്ക്ലേറ്റുമായി കടന്നുവരുന്ന ഒരു അൾത്താരബാലനെ ആദ്യമായി കണ്ടുമുട്ടിയത് അന്നായിരുന്നു. അവന്റെ വീട് പള്ളിയിൽനിന്നും ഒരുപാട് ദൂരത്തായിരുന്നെങ്കിലും ബസ് കയറി അവൻ വരുമായിരുന്നു. അവൻ എന്നെ എപ്പോഴൊക്കെ കാണാൻ വന്നാലും അവന്റെ കയ്യിൽ ഏതെങ്കിലും ഒരു ചോക്ലേറ്റ് ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ ഒരു കടല മിഠായി എങ്കിലും.
ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു. ഈ ചോക്ലേറ്റ് ഒക്കെ വാങ്ങാൻ പൈസ ആരാടാ തരുന്നത് ? ആദ്യം അവൻ പറയാൻ കൂട്ടാക്കിയില്ല. നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു. വല്യപ്പച്ചനോ അല്ലെങ്കിൽ വീട്ടിൽ ആന്റിമാർ വരുമ്പോഴോ എനിക്ക് കിട്ടുന്ന കാശൊക്കെ കൂട്ടിവെച്ചിട്ടാണ് ഇതൊക്കെ വാങ്ങുന്നത്. ഒരു വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം ഞാൻ ആ പള്ളിവിടുമ്പോൾ അവൻ എന്നേ എന്റെ കുഞ്ഞനിയൻ ആയിത്തീർന്നിരുന്നു. അൾത്താരബാലനായും പള്ളിയിലെ സജീവ പ്രവർത്തകനായും യുവജനസംഘടനയിലെ താരോദയമായും ആ മാലാഖ വളർന്നു.
അവൻ ശരിക്കും മാലാഖ തന്നെയായിരുന്നു. ആരോടും വഴക്കിനില്ലായിരുന്നു, സംസാരത്തിൽ വളരെ മിതത്വം, എല്ലാവരെയും സ്നേഹിക്കാൻ ഒരു മനസ്സ് ഉള്ള ഒരു മാലാഖക്കുഞ്ഞൻ. ജൂലൈ 12 അവന്റെ ബർത്ത് ഡേ ആയിരുന്നു. അന്ന് വിളിക്കാൻ പറ്റാത്തതു കൊണ്ട് രണ്ടുദിവസം കഴിഞ്ഞപ്പോൾ ബർത്ത് ഡേ വിഷസ്സുമായി വാട്സാപ്പിൽ ഞാൻ അവനെ കോൺടാക്ട് ചെയ്തു. നിന്നെ കണ്ടിട്ട് ഒത്തിരി നാളായല്ലോ എന്ന് പറഞ്ഞപ്പോൾ ഉടനെ കാണാം എന്ന് അവൻ പറഞ്ഞു. അത് ഇങ്ങനെയൊരു കൂടിക്കാഴ്ചയാകുമെന്ന് ഞാനോ അവനോ കരുതിയിട്ടുണ്ടായിരുന്നില്ല… എന്നാലും ഇത്ര പെട്ടെന്ന് നീ പോകുമെന്ന് ഓർത്തില്ലെടാ! എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് നിനക്ക് പോകാമായിരുന്നു. ഒരു കിറ്റ്ക്യാറ്റോ ഡയറി മിൽക്കോ അവസാനമായി തരാമായിരുന്നു…🥹🥹🥹
എന്റെ റിലൻകുട്ടന് ഒരായിരം ചക്കരഉമ്മ!🥹🥹❤️