Kerala
ഒടുവിൽ നാട്ടുകാർ റോഡിൽ വാഴ നട്ടു :നായ്ക്കാന- കാഞ്ഞിരമറ്റം-വേഴാങ്ങാനം റോഡിൽ കാൽനടയാത്ര തന്നെ അസാധ്യമാവുന്നു
പാലാ :ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന നായ്ക്കാന- കാഞ്ഞിരമറ്റം-വേഴാ ങ്ങാനം റോഡ് ഒരു വർഷത്തിലേറെയായി പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. ഇതിൽ പ്രതി ഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ടു. നിരന്തരം പരാതികൾ കൊടുത്തിട്ടും അധികാരികൾ യാതൊരു അനുകൂല നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വിവിധ സ്‌കൂളുകളിലെ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. കാൽനടക്കാർക്കു പോലും നടന്നുപോകത്തില്ലാത്ത തരത്തിലാണ് റോഡിൻറെ ഇപ്പോഴത്തെ അവസ്ഥ. ഒരു വർഷം മുമ്പ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ടാറിംഗിനാണെന്ന് പറഞ്ഞ് 20 വീപ്പകളിലായി കെമിക്കൽ അടങ്ങിയ പശ റോഡിൻ്റെ സൈഡിൽ ഇറക്കിയിരുന്നു. ഇപ്പോൾ അത് പൊട്ടി യൊഴുകി കാഞ്ഞിരമറ്റം തോട്ടിലൂടെ ഒഴുകുകയാണ്. ഈ തോടിൻ്റെ സൈഡിലാണ് ജലനിധിയുടെ കിണർ സ്ഥിതി ചെയ്യുന്നത്.
പ്രദേശവാസികൾ ഈ ജലമാണ് കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്. ആളുകളുടെ ജീവനുതന്നെ ഭീക്ഷണിയാണ് ഇത്. പഞ്ചായത്ത് അധികാരികൾ ഇടപെട്ട് എത്രയും പെട്ടന്നുതന്നെ റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധസമരത്തിലേക്ക് കടക്കുമെന്ന് നാട്ടുകാർ മുന്നറിപ്പ് നൽകി.