Kerala

ബിഷപ്പ് വയലിൽ വോളിക്ക് ആവേശത്തുടക്കം; പാലാ സെന്റ് തോമസ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജുകൾക്ക് വിജയം

Posted on

 

പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് സെന്റ് തോമസ് കോളേജ് പാലായിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. കേരളത്തിലെ പ്രമുഖ കോളേജ് ടീമുകൾ മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അവിനാശ് മാത്യു, കോട്ടയം ജില്ല ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിജോമോൻ ജോർജ്, വാർഡ് കൗൺസിലർ പ്രിൻസി സണ്ണി, അലുമിനി അസോസിയേഷൻ ഭാരവാഹി ജിമ്മി ജോസഫ് താഴത്തെൽ ജോമോൻ ഓടയ്ക്കൽ, സലിം കരുണാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് നടന്ന ആദ്യ മത്സരം തന്നെ ആവേശകരമായ അഞ്ച് സെറ്റ് പോരാട്ടമായി. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് സെന്റ് ജോർജ് കോളേജ് അരുവിത്തുറയെ പരാജയപ്പെടുത്തി. സ്കോർ: 22–25, 25–21, 25–20, 26–28, 13–15. അവസാന പോയിന്റ് വരെ നീണ്ടുനിന്ന മത്സരത്തിൽ ഇരു ടീമുകളും മികച്ച പോരാട്ടവീര്യം കാഴ്ചവെച്ചു.

രണ്ടാം മത്സരത്തിൽ ആതിഥേയരായ സെന്റ് തോമസ് കോളേജ് പാലാ മികച്ച പ്രകടനത്തോടെ സി.എം.എസ്. കോളേജ് കോട്ടയത്തെ പരാജയപ്പെടുത്തി. നാല് സെറ്റുകൾ നീണ്ട മത്സരത്തിൽ 18–25, 25–18, 25–17, 25–13 എന്ന സ്കോറിനാണ് സെന്റ് തോമസ് കോളേജ് വിജയം നേടിയത്. ആദ്യ സെറ്റിൽ പിന്നിലായിരുന്ന ആതിഥേയർ തുടർന്നുള്ള മൂന്ന് സെറ്റുകളിലും ആധിപത്യം പുലർത്തിയാണ് വിജയം സ്വന്തമാക്കിയത്.

നാളെ 12 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരി സെക്രഡ്‌ ഹാർട്ട് കോളേജ് തേവരയും മൂന്നുമണിക്ക് നടക്കുന്ന വനിതാ വിഭാഗം മത്സരത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയെ നേരിടും.
സെപ്റ്റംബർ 7 മുതൽ 11 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി കേരളത്തിലെ പ്രമുഖ കോളേജ് ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഇരു വിഭാഗങ്ങളുടെയും ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 11ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version