Kerala

കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവ് യുവാവിന്റെ കൈയില്‍ ഡ്രിപ്പ്‌ ഇട്ടതിനെത്തുടര്‍ന്ന്‌ പഴുത്ത്‌ നീര്‌ കെട്ടി കൈയുടെ സ്വാധീനം കുറഞ്ഞതായി പരാതി

Posted on

കൂത്താട്ടുകുളം: ചികിത്സയ്‌ക്കായി കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ യുവാവിന്റെ കൈയില്‍ ഡ്രിപ്പ്‌ ഇട്ടതിനെത്തുടര്‍ന്ന്‌ പഴുത്ത്‌ നീര്‌ കെട്ടി കൈയുടെ സ്വാധീനം കുറഞ്ഞതായി പരാതി.

കൂത്താട്ടുകുളം കിഴകൊമ്പ്‌ ചെള്ളക്കപ്പടി തടത്തിപ്പറമ്പില്‍ രഞ്‌ജിത്ത്‌ രമേശനാണ്‌ (42) ഈ സ്‌ഥിതി ഉണ്ടായത്‌.ഞരമ്പില്‍ നീഡില്‍ കയറ്റേണ്ടതിന്‌ പകരം മസിലില്‍ നീഡില്‍ കുത്തി മരുന്ന്‌ കയറ്റിയതിനെ തുടര്‍ന്നാണ്‌ ഈ സ്‌ഥിതി ഉണ്ടായതെന്നും പൂര്‍ണമായും ഇത്‌ ചികിത്സ പിഴവ്‌ ആണ്‌ എന്നും രോഗിയും ബന്ധുക്കളും ആരോപിക്കുന്നു.ക്ഷീണത്തെ തുടര്‍ന്ന്‌ ജുലൈ 10 ന്‌ രഞ്‌ജിത്ത്‌ കൂത്താട്ടുകുളം പ്രാഥമിക ആശുപത്രിയില്‍ എത്തി ചികിത്സ തേടിയിരുന്നു.ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ആയി അന്നേ ദിവസം മൂന്നു പ്രാവശ്യം കയ്യില്‍ ഡ്രിപ്പ്‌ കയറ്റി. അന്ന്‌ രാത്രിയില്‍ കൈക്ക്‌ ശക്‌തമായ വേദന അനുഭവപ്പെട്ട. കയ്യില്‍ നീരും കെട്ടി.

രണ്ടു ദിവസത്തോളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും വേദനയും നീരും കൂടിയതിനെ തുടര്‍ന്ന്‌ സര്‍ജനെ കാണിക്കണമെന്ന്‌ പറഞ്ഞ്‌ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ ചെയ്‌തു.

കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ സര്‍ജനെ കണ്ട്‌ മൂന്നുദിവസം തുടര്‍ച്ചയായി ഇഞ്ചക്ഷന്‍ എടുത്തിട്ടും നീരും വേദനയും കുറയാത്തതിനാല്‍ മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെ ആശുപത്രി അധികൃതര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക്‌ റഫര്‍ ചെയ്‌തു.നാല്‌ ദിവസത്തെ ചികിത്സ മെഡിക്കല്‍ കോളജില്‍ നടത്തിയെങ്കിലും പഴുപ്പ്‌ ഹാര്‍ട്ടിലേക്ക്‌ കയറാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന്‌ ഇവിടെ ചികിത്സ സൗകര്യം ഇല്ല എന്നും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി ഓപ്പറേഷനു വിധേയമാകണം എന്നുമാണ്‌ അവര്‍ ആവശ്യപ്പെട്ടത്‌.

ഇതേ തുടര്‍ന്ന്‌ രോഗിയെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ച അതേ രാത്രിയില്‍ കൈക്ക്‌ ഓപ്പറേഷന്‍ നടത്തി. ഒരു വശത്ത്‌ ഓപ്പറേഷന്‍ നടത്തി പഴുപ്പും നീരും എടുത്ത്‌ കളഞ്ഞെങ്കിലും ഭേദമാകാത്തതിനാല്‍ മറുവശത്തും കൈ ഓപ്പറേറ്റ്‌ ചെയ്യേണ്ടി വന്നു.

15 ദിവസത്തോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ കിടന്നുവെങ്കിലും രോഗം ഭേദമായില്ല എന്ന്‌ മാത്രമല്ല വേദനയും നീരും കുറഞ്ഞിട്ടില്ല എന്ന അവസ്‌ഥയിലാണ്‌.കൂത്താട്ടുകുളം പ്രാഥമിക ആശുപത്രിയിലെ അധികൃതര്‍ ഒഴികെ ചികിത്സ തേടിയ എല്ലാ ആശുപത്രിയിലെയും ഡോക്‌ടര്‍മാര്‍ ഇത്‌ ചികിത്സാ പിഴവ്‌ കൊണ്ട്‌ ഉണ്ടായതാണ്‌ എന്നും നീഡില്‍ മസിലില്‍ കുത്തി മരുന്ന്‌ കയറ്റിയത്‌ കൊണ്ടാണ്‌ ഇത്രയും വഷളായത്‌ എന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞതായി രോഗി ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version