Kerala

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഇന്ന് (തിങ്കളാഴ്ച) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Posted on

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഇന്ന് (തിങ്കളാഴ്ച) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വിവിധ സമയങ്ങളിലായി ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. യാത്രക്കാർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

രാവിലെ 10 മുതൽ അങ്കമാലിയിൽനിന്ന് ആലുവ ഭാഗത്തേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. ഇത്തരം വാഹനങ്ങൾ കാലടി–പെരുമ്പാവൂർ–പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകണം. നഗരത്തിൽനിന്ന് എത്തുന്ന ഭാരവാഹനങ്ങൾക്കും രാവിലെ 10 മുതൽ കണ്ടെയ്നർ റോഡ്–ചേരാനല്ലൂർ–വരാപ്പുഴ വഴി യാത്ര ചെയ്യേണ്ടതാണ്.

ഉച്ചയ്ക്ക് 12.40 മുതൽ 2 വരെ അങ്കമാലിയിൽനിന്ന് ആലുവ ഭാഗത്തേക്ക് ഒരു വാഹനവും കടത്തിവിടില്ല. വിമാനത്താവളത്തിൽനിന്ന് എത്തുന്ന വാഹനങ്ങൾ 1.25 മുതൽ 2 വരെ മറ്റൂർ–നായത്തോട് വഴി പോകണം.

1.20 മുതൽ 2 വരെ അത്താണിയിൽനിന്ന് ആലുവ ഭാഗത്തേക്കും വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. പറമ്പയം, ദേശം, പറവൂർ കവല, തോട്ടക്കാട്ടുകര, അത്താണി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് 1.30 മുതൽ 2 വരെ മെയിൻ റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല. ബൈപ്പാസ് ജങ്ഷൻ, പുളിഞ്ചോട് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മെയിൻ റോഡിലേക്ക് 1.35 മുതൽ 2 വരെ വാഹനങ്ങൾ കടത്തിവിടില്ല.

വൈകിട്ട് 4.15 മുതൽ 6 വരെ നഗരത്തിൽനിന്ന് എത്തുന്ന വാഹനങ്ങൾ മെയിൻ റോഡ് വഴി കടത്തിവിടില്ല. ഈ വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി പോകണം. തോട്ടക്കാട്ടുകര, പറവൂർ കവല, ദേശം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് വൈകിട്ട് 5.20 മുതൽ 6 വരെ മെയിൻ റോഡിലേക്ക് പ്രവേശനമുണ്ടാകില്ല.

ഉപരാഷ്ട്രപതിയുടെ യാത്രാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വിവിധ ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണമുള്ള സമയങ്ങളിൽ യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version