Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിന് മുന്നോടിയായി നിയന്ത്രണച്ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ

Posted on

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിന് മുന്നോടിയായി നിയന്ത്രണച്ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. 2027 ഏപ്രിൽ 1 മുതൽ 2032 മാർച്ച് 31 വരെയുള്ള വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണ് കരടിലുള്ളത്. കരടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ഇബി പുതിയ താരിഫ് അപേക്ഷ തയ്യാറാക്കുക.

ജനങ്ങളിൽനിന്ന് അഭിപ്രായം തേടിയശേഷം അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കും. ഇതിന് പിന്നാലെയാണ് പുതിയ വൈദ്യുതി നിരക്ക് പരിഷ്കരണത്തിലേക്ക് കടക്കുക.ഫിക്സഡ് ചാർജിലും മാറ്റത്തിന് സാധ്യതയുണ്ട്. നിലവിൽ വൈദ്യുതി ഉപയോഗത്തിന്റെ അളവനുസരിച്ച് വിവിധ സ്ലാബുകളായാണ് ഗാർഹിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് നിശ്ചയിക്കുന്നത്. ഇതിന് പകരം കണക്ടഡ് ലോഡിന്റെയോ രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ആവശ്യത്തിന്റെയോ അടിസ്ഥാനത്തിൽ ഫിക്സഡ് ചാർജ് നിശ്ചയിക്കാനുള്ള നിർദേശമാണ് മുന്നിലുള്ളത്.

അതായത് ഒരു കിലോവാട്ടിന് നിശ്ചിത നിരക്ക് എന്ന രീതിയിലേക്ക് മാറിയേക്കും. ടൈം ഓഫ് ഡേ മീറ്ററിങ് ഉള്ളവർക്ക് പകൽ വൈദ്യുതി ഉപയോഗത്തിന് ഇളവ് നൽകാനും പീക്ക് സമയത്തെ ഉപയോഗത്തിന് അധിക നിരക്ക് ഈടാക്കാനും സാധ്യതയുണ്ട്. 2024 വരെ കെഎസ്ഇബിക്ക് താരിഫിലൂടെ തിരിച്ചുപിടിക്കാനാകാതെ വന്ന നഷ്ടം 2031 മാർച്ച് 31നകം ഈടാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഈ തുക 2027 ഏപ്രിൽ മുതൽ 2031 മാർച്ച് വരെയുള്ള കാലയളവിൽ തുല്യ ഗഡുക്കളായി ഈടാക്കുന്നതിനുള്ള നിർദേശം കെഎസ്ഇബി സമർപ്പിക്കണം. ഇതിന്റെ ഭാഗമായി യൂണിറ്റിന് ഏകദേശം ഒരു രൂപ വരെ അധികമായി ഈടാക്കാൻ സാധ്യതയുണ്ട്.

വ്യവസായ മേഖലയിലെ എച്ച്ടി, ഇഎച്ച്ടി ഉപഭോക്താക്കൾക്ക് പവർ ഫാക്ടറിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള വ്യത്യസ്ത ബില്ലിങ് രീതികൾ ഏകീകരിക്കാനും നിർദേശമുണ്ട്. ഓരോ മാസവും വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബിക്ക് ഉണ്ടാകുന്ന അധിക ചെലവ് അടുത്ത മാസത്തെ ബില്ലിൽ ഇന്ധന സർചാർജായി ഈടാക്കാനും കഴിയും. എന്നാൽ ഇതിന്റെ കണക്കുകൾ പിന്നീട് റഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് ക്രമീകരിക്കും. അതേസമയം, ഒരു കിലോവാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗവുമുള്ള ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്ന് ഒഴിവാക്കും. സ്വന്തം ബാറ്ററി സ്റ്റോറേജ് സംവിധാനം സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് പീക്ക് സമയത്ത് പ്രത്യേക നിരക്ക് ഈടാക്കുന്നതിനുള്ള നിർദേശവും നൽകാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version