Kerala

ടി പി കേസ് :സിപിഐ (എം) സഹയാത്രികനായ വക്കീലിനെ മാറ്റി പ്രഗത്ഭ വക്കീൽ മാരെ നിയമിക്കാൻ സർക്കാർ ആലോചന

Posted on

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായിരുന്ന സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെ മാറ്റാൻ സർക്കാർ തീരുമാനം. പകരം മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെയോ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയെയോ കേസിൽ ഹാജരാക്കാനാണ് ആലോചന. പി.വി. ദിനേശ് സിപിഎം സഹയാത്രികനാണെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ടി.പി. കേസിലെ സർക്കാർ അഭിഭാഷകരുടെ നിലപാടിനെതിരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിലെ പ്രതികളുടെ അഭിഭാഷകരും സർക്കാർ അഭിഭാഷകരും തമ്മിൽ ഒത്തുകളിക്കുന്നുവെന്ന് കെ.കെ. രമ ആരോപിച്ചിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് പ്രമുഖ ക്രിമിനൽ അഭിഭാഷകരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സർക്കാരിനെ സമീപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നിലവിലെ സീനിയർ അഭിഭാഷകനെ മാറ്റാനുള്ള തീരുമാനം. പുതിയ അഭിഭാഷകനെ സംബന്ധിച്ച അന്തിമ തീരുമാനം അഡ്വക്കേറ്റ് ജനറൽ ജാജു ബാബു കൈക്കൊള്ളുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയടക്കം ഏഴുപേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

13 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കെ.കെ. രമ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കെ.കെ. രമയോട് കോടതി നിർദേശിച്ചു. പ്രതികൾക്കുവേണ്ടി ജി. പ്രകാശും കെ.കെ. രമയ്ക്കുവേണ്ടി എ. കാർത്തിക്കും ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്. ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version