Kerala

ജയിലിൽ മട്ടൻ പോലുള്ള റെഡ് മീറ്റ് ഒഴിവാക്കാൻ നീക്കം:റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത്

Posted on

തിരുവനന്തപുരം: ജയിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ആലോചനയുമായി ജയിൽ വകുപ്പ്. ആരോഗ്യപ്രശ്‌നങ്ങൾക്കും ചിലവ് വർധിക്കാനും കാരണമാകുന്നുവെന്ന വിലയിരുത്തലിൽ മട്ടൻ പോലുള്ള റെഡ് മീറ്റ് ഒഴിവാക്കാനാണ് നീക്കം. സർക്കാർ അംഗീകാരം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. ഭക്ഷണക്രമം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.

നിലവിൽ ഒരാൾക്ക് പ്രതിദിനം 100 ഗ്രാം മട്ടനാണ് നൽകുന്നത്. എന്നാൽ ശാരീരികക്ഷമതയില്ലാത്തവർക്ക് ഇത് ഗുണകരമല്ലെന്നും നിലവിലെ ഭക്ഷണക്രമം ജീവിതശൈലീ രോഗങ്ങൾ വർധിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും ഡിജിപി പറഞ്ഞു. മട്ടന് വില കൂടുതലായതിനാൽ സർക്കാരിന് ചിലവും വർധിക്കുന്നുണ്ട്. നിലവിൽ തടവുകാർക്ക് ചിക്കനും മുട്ടയും നൽകുന്നില്ല. പ്രോട്ടീൻ ലഭ്യമാക്കുക എന്നതാണ് പ്രധാനമെന്നും ഇതിന്റെ ഭാഗമായി ചിക്കനും മുട്ടയും നൽകുന്നതും പരിഗണിക്കുമെന്നും ജയിൽ ഡിജിപി വ്യക്തമാക്കി. ജയിലുകളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടും സർക്കാരിന് സമർപ്പിക്കുമെന്ന് ഡിജിപി അറിയിച്ചു. തടവുകാരെ തിരുത്തി സമൂഹത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ജയിലുകളുടെ ലക്ഷ്യമെന്നും ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിൽ ‘ജയിൽ’ എന്നതിന് പകരം ‘കറക്ഷൻ ഹോം’ പോലുള്ള പേരുകളാണ് ഉപയോഗിക്കുന്നതെന്നും തീവ്രമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പാർപ്പിക്കുന്ന സ്ഥലങ്ങൾക്ക് വ്യത്യസ്ത സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയിൽ സുരക്ഷയിലും സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റങ്ങൾ കൊണ്ടുവരാനാണ് നീക്കം. പൂജപ്പുര സെൻട്രൽ ജയിലിൽ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി ആരംഭിക്കും. കെൽട്രോണിന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ നിലവിൽ ഉദ്യോഗസ്ഥരാണ് നിരീക്ഷിക്കുന്നത്. 25 മോണിറ്ററുകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ മൂന്ന് ഉദ്യോഗസ്ഥർ ആവശ്യമാണ്. എഐ സംവിധാനം നിലവിൽ വരുന്നതോടെ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

20ൽ കൂടുതൽ ആളുകൾ ഒരിടത്ത് കൂട്ടം കൂടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ സംവിധാനം തിരിച്ചറിയും. ഡ്രോൺ ഉപയോഗിച്ച് ജയിലിന്റെ മതിലുകൾ നിരീക്ഷിക്കുകയും മതിലിന് പുറത്തുനിന്ന് ആരെങ്കിലും വസ്തുക്കൾ അകത്തേക്ക് എറിയുന്നുണ്ടെങ്കിൽ ജയിൽ സൂപ്രണ്ടിനും ബന്ധപ്പെട്ട ബ്ലോക്കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും അലർട്ട് നൽകുകയും ചെയ്യും. സുരക്ഷാ ഭീഷണിയാകാൻ സാധ്യതയുള്ള സംഭവങ്ങൾ കംപ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്തി അലർട്ട് നൽകുന്നതിലൂടെ ഉദ്യോഗസ്ഥരെ കൂടുതൽ കറക്ഷണൽ സേവനങ്ങൾക്ക് വിനിയോഗിക്കാനാണ് ജയിൽ വകുപ്പിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version