Kerala

ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു

Posted on

കണ്ണൂർ: ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ആയങ്കിയെ പിടികൂടിയ കണ്ണൂരിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഐഫോൺ കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലുള്ള ആയങ്കിയെ ഇന്ന് രാവിലെ അപ്പാർട്ട്മെന്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് ഫോൺ കണ്ടെത്തിയത്. ഈ ഫോണിൽ നിന്നാണ് ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റുകളും കമന്റുകളും ഇട്ടതെന്നാണ് പൊലീസിന്റെ സംശയം.

എന്നാൽ ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ് ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പിലെ ലോഡ്ജിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. അതിനിടെ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള പ്രാരംഭ നടപടികളും പൊലീസ് പൂർത്തിയാക്കി.

തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. നിലവിൽ 23 കേസുകളാണ് ആയങ്കിക്കെതിരെയുള്ളത്. സമൂഹത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയങ്കിയുടെ കേസുകളുടെ ചരിത്രം വ്യക്തമാക്കുന്ന റിപ്പോർട്ട് വളപട്ടണം എസ്‌എച്ച്‌ഒ സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ചു. റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറും. കാപ്പ ചുമത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ജില്ലാ കളക്ടറുടേതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version