Kerala

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്കര്‍ തുറന്നപ്പോള്‍ കാണാതായതായി പരാതി !!

Posted on

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്കര്‍ തുറന്നപ്പോള്‍ കാണാതായതായി പരാതി .ഉത്തർപ്രദേശിലെ കാണ്‍പൂര്‍ സ്വദേശിനിയായ രശ്മി അറോറ (55) നല്‍കിയ പരാതിയില്‍ ബാങ്ക് ജീവനക്കാര്‍ക്കും മാനേജ്മെന്റിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2003 ഫെബ്രുവരി 26-നാണ് രശ്മി അറോറയും ഭര്‍ത്താവും ചേര്‍ന്ന് അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (SBT) അക്കൗണ്ട് തുറക്കുകയും തങ്ങള്‍ക്ക് അനുവദിച്ച 23-ാം നമ്പര്‍ ലോക്കറില്‍ 50 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ സൂക്ഷിക്കുകയും ചെയ്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരുവരും ബാങ്കിലെത്തി പതിവായി ലോക്കര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം കാണ്‍പൂരിലെ സ്വരൂപ് നഗറിലെ വസതിയില്‍ നിന്ന് മകള്‍ക്കും മരുമകനുമൊപ്പം ലഖ്നൗവിലേക്ക് താമസം മാറിയതോടെയാണ് രശ്മി ബാങ്കില്‍ വരുന്നത് നിര്‍ത്തിയത്.

നാലു മാസങ്ങള്‍ക്ക് മുന്‍പ് മകളോടൊപ്പം ബാങ്കിലെത്തിയപ്പോഴാണ് എസ്ബിടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (SBI) ലയിച്ച വിവരം രശ്മി അറിയുന്നത്. തുടക്കത്തില്‍ രശ്മിയുടെ പേരില്‍ അവിടെ ലോക്കര്‍ ഇല്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ പറഞ്ഞത്. പിന്നീട് ആവശ്യമായ രേഖകളുമായി വീണ്ടും ബാങ്കിലെത്തിയപ്പോള്‍, അക്കൗണ്ടില്‍ നിന്ന് ലോക്കര്‍ വാടക മുന്‍പ് ഓട്ടോമാറ്റിക്കായി ഈടാക്കിയിരുന്നെന്നും അക്കൗണ്ടില്‍ പണമില്ലാത്തതിനാലാണ് പ്രശ്‌നമുണ്ടായതെന്നും മാനേജര്‍ അറിയിച്ചു.

തുടര്‍ന്ന് ജൂലൈ 21-ന് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് അക്കൗണ്ട് വീണ്ടും സജീവമാക്കിയെങ്കിലും അന്ന് ലോക്കറിന്റെ താക്കോല്‍ കൊണ്ടുവരാന്‍ ഇവര്‍ മറന്നുപോയി.പിന്നീട് ജൂലൈ 27-ന് താക്കോലുമായി എത്തിയ രശ്മി, ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ 23-ാം നമ്പര്‍ ലോക്കര്‍ തുറന്നപ്പോഴാണ് വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മുഴുവന്‍ കാണാതായതായി കണ്ടെത്തിയത്.

ബാങ്ക് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് രശ്മിയുടെ പരാതി. സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബാങ്കിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും, സംശയമുള്ള ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്നും കാണ്‍പൂര്‍ ഡിസിപി അതുല്‍ ശ്രീവാസ്തവ അറിയിച്ചു. ഈ സംഭവം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version