Kerala
കേരളത്തെ വിറപ്പിച്ച കനത്ത മഴയിൽ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ലഭിച്ചത് 111 ശതമാനം അധികമഴ
കേരളത്തെ വിറപ്പിച്ച കനത്ത മഴയിൽ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ലഭിച്ചത് 111 ശതമാനം അധികമഴ. ജൂലൈ 30 മുതൽ ഓഗസ്റ്റ് അഞ്ച് വരെ സാധാരണ ലഭിക്കേണ്ടിയിരുന്നത് 127.5 മില്ലീമീറ്റർ മഴയാണ്. എന്നാൽ ഈ കാലയളവിൽ സംസ്ഥാനത്ത് പെയ്തത് 268.7 മില്ലീമീറ്റർ മഴ.
റാന്നി, ആറന്മുള മേഖലകളെയടക്കം വെള്ളത്തിലാക്കിയ മഴയിൽ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും വലിയ മഴവ്യതിയാനം രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട 84 മില്ലീമീറ്റർ മഴയ്ക്ക് പകരം 352.3 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 319 ശതമാനം അധികമഴയാണ് പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത്. അധികമഴയുടെ തോത് കണക്കാക്കിയാൽ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.
സാധാരണ ലഭിക്കേണ്ട 39 മില്ലീമീറ്റർ മഴയ്ക്ക് പകരം 140 മില്ലീമീറ്റർ മഴ ലഭിച്ചു. 258 ശതമാനം അധികമഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. മഴയുടെ അളവ് താരതമ്യേന കുറവായതിനാൽ വലിയ തോതിലുള്ള മഴക്കെടുതി ഒഴിവായെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലയിൽ 177 ശതമാനം അധികമഴ ലഭിച്ചു. 107 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 296 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഇടുക്കിയിൽ 71 ശതമാനം അധികമഴ രേഖപ്പെടുത്തി. 191 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത് 327.4 മില്ലീമീറ്റർ മഴ ലഭിച്ചു.
കോഴിക്കോട് ജില്ലയിലും കനത്ത മഴയാണ് ലഭിച്ചത്. 148 മില്ലീമീറ്റർ സാധാരണ മഴയ്ക്ക് പകരം 366 മില്ലീമീറ്റർ മഴ ലഭിച്ചു. 147 ശതമാനം അധികമഴയാണ് കോഴിക്കോട് രേഖപ്പെടുത്തിയത്. അതേസമയം, ഓഗസ്റ്റ് ഒന്ന് മുതൽ എട്ട് വരെയുള്ള കണക്കിലും കേരളത്തിൽ മഴയുടെ തോത് സാധാരണയേക്കാൾ വളരെ കൂടുതലാണ്. ഈ കാലയളവിൽ സംസ്ഥാനത്ത് 104 ശതമാനം അധികമഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട 141 മില്ലീമീറ്റർ മഴയ്ക്ക് പകരം 289.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഈ കാലയളവിലും പത്തനംതിട്ടയിലാണ് ഏറ്റവും വലിയ മഴവ്യതിയാനം രേഖപ്പെടുത്തിയത്. 287 ശതമാനം അധികമഴയാണ് ജില്ലയിൽ ലഭിച്ചത്. കോട്ടയത്ത് 192 ശതമാനം അധികമഴയും ലഭിച്ചു.