Kerala
പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയിലെ യുഡിഎഫ് അംഗം രാജിവച്ചു;യൂണിയൻ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ലീഗ് അംഗം രാജിവയ്ക്കാൻ കാരണം
പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയിലെ യുഡിഎഫ് അംഗം രാജിവച്ചു. ഒന്നാം വാർഡിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗം ടി സമീറയാണ് രാജിവച്ചത്. ലീഗിന് ഇടയിലുള്ള പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.
രാജി സ്വീകരിച്ച് സെക്രട്ടറിയും ഒപ്പിട്ട് കത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിഷനും ജില്ലാ കലക്ടർക്കും മറ്റു ബന്ധപ്പെട്ട അധികൃതർക്കും അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന പറഞ്ഞു. ഇനി ഒന്നാംവാർഡിലെ ഈ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്.
അധ്യാപിക കൂടിയായ സമീറയ്ക്ക് വാർഡിലെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നു ലീഗ് കേന്ദ്രങ്ങൾ പറയുമ്പോഴും ശക്തമായ ഗ്രൂപ്പ് പോരാണ് രാജിയിലേക്ക് കലാശിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 24 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിന് 11 ഉം ബിജെപിക്ക് ഒരു അംഗവുമാണുള്ളത്.