Kerala

പത്തനംതിട്ടയിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Posted on

 

പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ വർഷവും പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്നും, ഇതിന്റെ ആദ്യ പദ്ധതി പത്തനംതിട്ടയിൽ തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിൽ ജില്ലയിലാകെ 133 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 6,400-ലധികം ആളുകളാണ് നിലവിൽ വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. തിരുവല്ല ഭാഗത്താണ് കൂടുതൽ ക്യാമ്പുകൾ ഉള്ളതെന്നും വെള്ളം ഇതുവരെ ഇറങ്ങാത്തത് ആ ഭാഗത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാൻ ജില്ലാ ഭരണകൂടത്തിന് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ ഏറ്റവും നല്ല രീതിയിൽ ഭക്ഷണം നൽകാനും ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബയോ ടോയ്‌ലെറ്റ് സംവിധാനം ഏർപ്പെടുത്താനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

മുന്നറിയിപ്പ് ലഭിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴ പെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വനത്തിനുള്ളിൽ ഉണ്ടായ വലിയ മണ്ണിടിച്ചിലാണ് വെള്ളം പെട്ടെന്ന് കയറാൻ കാരണമെന്ന് വനംവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ദുരിതം അനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും കൃത്യമായി ഭക്ഷണം ലഭ്യമാക്കാൻ സംവിധാനമൊരുക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്ര ഉദ്യോഗസ്ഥരെ വേണമെങ്കിലും നിയോഗിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version