Kerala

മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കും; ദുരന്ത സാധ്യതാ മേഖലകളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണം

Posted on

കോട്ടയം: കനത്ത മഴയില്‍ വന്‍ തോതില്‍ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലകളില്‍ അടിയന്തര ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള ജലവിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്‍റെ അധ്യക്ഷതയില്‍ ഈരാറ്റുപേട്ടയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാരികളുടെയും പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍തന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ നടപടികള്‍ സ്വീകരിക്കും.

നഷ്ടമുണ്ടായ വ്യാപാരികൾക്കും അർഹമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലെ ദുരന്തങ്ങളിലെ നഷ്പപരിഹാരത്തുക കിട്ടാനുള്ളവര്‍ക്ക് അത് നല്‍കാന്‍ നടപടിയുണ്ടാകും.

ദുരന്തബാധിതരെയും ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. സുരക്ഷാ മുന്‍കരുതലകള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും തയ്യാറാണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ഇതിനു ചെലവാകുന്ന തുക ജില്ലാ കളക്ടർ വഴി സർക്കാർ നൽകും. ദുരിത ബാധിതർക്ക് സൗജന്യ റേഷൻ നൽകുന്ന കാര്യവും പരിഗണിക്കും.

അടിയന്തര സഹായമെത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിക്കും. ഈരാറ്റുപേട്ടയിൽ പ്രത്യേക കൺട്രോൾ റൂം തുറക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും സർക്കാരിനെ അറിയിക്കുന്നതിനും എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതി രൂപീകരിച്ചു. നഗരസഭാ ചെയർമാൻ, പഞ്ചായത്തു പ്രസിഡൻ്റുമാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version