Crime
ഒറ്റയ്ക്ക് നടന്ന് പോകുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം പോലീസ് പിടിയിൽ
ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ .നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25) ആണ് പിടിയിലായത് .
കഴിഞ്ഞ മാസം 19-ന് രാവിലെ വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഏകദേശം ഒരു പവൻ തൂക്കമുള്ള സ്വർണമാല മോട്ടോർ സൈക്കിളിലെത്തിയ സംഘം കവർന്നിരുന്നു. സംഭവത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ ഉൾവഴികളിലൂടെ ഏകദേശം നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാണ് നരിക്കുനിക്ക് സമീപമുള്ള മണികണ്ഠന്റെ വീട്ടിലെത്തിയത്.
ഇരുനൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ്പ്രതികളിലേക്ക് എത്തിയത്. കവർച്ചാ സമയത്ത് വാഹനത്തിന്റെ നമ്പർ മറച്ചുവെച്ചാണ് പ്രതികൾ കവർച്ച നടത്തിയതെന്നും കണ്ടെത്തി. ഒരിക്കലും തങ്ങളിലേക്ക് അന്വേഷണം എത്തില്ലെന്ന പ്രതികളുടെ ആത്മവിശ്വാസമാണ് കോഴിക്കോട് റൂറൽ ജില്ലയിൽ രണ്ടും സിറ്റിയിൽ കുന്ദമംഗലം സ്റ്റേഷൻ പരിധിയിൽ രണ്ടു കവർച്ചകളും ചെയ്യാൻ പ്രതികൾക്ക് ധൈര്യം കിട്ടിയത്.