Kerala
അറക്കുളം സെന്റ് തോമസ് യു.പി. സ്കൂളിൽ സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു
അറക്കുളം: സെന്റ് തോമസ് യു.പി. സ്കൂളിൽ 2026–27 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 22-ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
കാഞ്ഞാർ സെന്റ് ജോസഫ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്ററും അറക്കുളം ഉപജില്ല എച്ച്.എം. ഫോറം സെക്രട്ടറിയുമായ ശ്രീ ബിനു കെ. അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സജി പി. ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ കാതറൈൻ ജോർജ് എസ്.എ.ബി.എസ്. സ്വാഗതം ആശംസിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ പി. എ. വേലുകുട്ടൻ, പി.ടി.എ. പ്രസിഡന്റ് ശ്രീ ഡിറ്റോ തോമസ്, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ആഞ്ചലീന സിജോ എന്നിവർ ആശംസകൾ നേർന്നു.
സ്ഥാനാരോഹണ ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. തുടർന്ന് രജിസ്റ്ററിൽ ഒപ്പുവെക്കുകയും അതിഥികൾ ബാഡ്ജ് അണിയിച്ചുകൊണ്ട് സ്ഥാനചിഹ്നങ്ങൾ കൈമാറുകയും ചെയ്തു.പി.ടി.എ. പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനാധിപത്യ മൂല്യങ്ങളും നേതൃത്വപാടവവും വളർത്തിയെടുക്കാൻ സഹായകമായ ഈ ചടങ്ങ് ശ്രദ്ധേയമായി.