Kerala

കോട്ടയം ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ തണ്ടർ ലഹരി മരുന്ന് വേട്ട; പനച്ചിക്കാട് വൈക്കം ആർപ്പൂക്കര എന്നിവിടങ്ങളിൽ മിന്നൽ പരിശോധന; അര കിലോ കഞ്ചാവ് സഹിതം ആറു പേർ പിടിയിൽ

Posted on

 

കോട്ടയം: ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ തണ്ടർ മിന്നൽ പരിശോധന. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറു കേസുകളിൽ നിന്നും ആറു പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി കെ.ജോസിന്റെയും, എക്‌സൈസ് ഇൻസ്‌പെക്ടർ ദർശക് ആറിന്റെയും നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. ആർപ്പൂക്കര, വൈക്കം, പനച്ചിക്കാട്, വെള്ളുത്തുരുത്തി, കൊല്ലാട് നാൽക്കവല പ്രദേശങ്ങളിൽ നിന്നാണ് ആറു പേരെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ ശേഷം ഓടിരക്ഷപെട്ട അശ്വിൻ പൊന്നപ്പൻ ഒഴികെയുള്ള അഞ്ചു പ്രതികൾക്കും കഞ്ചാവ് എത്തിച്ചു നൽകിയത് കൊല്ലാട് സ്വദേശിയായ സ്മരൺ ആണ് എന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് വൈക്കത്ത് എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന നടന്നത്. വൈക്കം കല്ലറ കൊതറക്കുന്ന് കോളനിയിൽ പോത്തൻമ്യാലിൽ വീട്ടിൽ അശ്വിൻ പൊന്നപ്പനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 670 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിരക്ഷപെട്ടു. എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.ദർശക്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ബി.ആനന്ദരാജ്,അസിസ്റ്റൻഡ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ടി എസ് സുരേഷ് ;സിവിൽ എക്സൈസ് ആഫീസർ ഡ്രൈവർ അനസ് മോൻ ടി കെ ; കെ.എൻ അജിത്കുമാർ, ഹരിഹരൻപോറ്റി, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് അഫ്‌സൽ ആർ, ശ്യാംകുമാർ, സിവിൽ എക്‌സൈസ് ഓഫിസർ ജിഷ്ണു ശിവൻ, ദീപക് സോമൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ കെ.എം പ്രിയ, സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ ബിപിൻ ജോസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

ആർപ്പൂക്കര തൊണ്ണൻകുഴി ജംഗ്ഷനിൽ തെക്കുപുരയ്ക്കൽ വീട്ടിൽ മെയ്‌മോനെ (46)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ആർപ്പൂക്കര – വില്ലൂന്നി റോഡിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മെയ്‌മോനെ ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ നിന്നും 20 ഗ്രാം കഞ്ചാവുമായി തോട്ടയ്ക്കാട് സ്വദേശിയെയാണ് പിടികൂടിയത്. വാകത്താനം തോട്ടയ്ക്കാട് തറക്കുന്നിൽ വീട്ടിൽ ഹരിപ്രദാസിനെയാണ് (30) എക്‌സൈസ് സംഘം പിടികൂടിയത്. റോഡരികിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു വന്ന ഇയാളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇതേ സ്ഥലത്തിനു സമീപത്തു നിന്നു തന്നെയാണ് വേളൂർ താഴത്തങ്ങാടി കണ്ണാട്ട് വടക്കേതിൽ വീട്ടിൽ അശ്വിൻ വിനോദിനെ 17 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൊല്ലാട് നാൽക്കവല റോഡിലെ ഇടവഴിയിൽ നിന്നും 17 ഗ്രാം കഞ്ചാവുമായി യുവാവിനെയും ഇന്നലെയാണ് പിടികൂടിയത്. പനച്ചിക്കാട് വെള്ളുത്തുരുത്തി തെക്കേക്കുറ്റ് വീട്ടിൽ അർജുൻ ടി.ബിജുവിനെ(25)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. കൊല്ലാട് നാൽക്കവലയിൽ നാൽക്കവല ഷാപ്പിനു സമീപത്തു നിന്നാണ് 25 ഗ്രാം കഞ്ചാവുമായി സ്‌കൂട്ടറിൽ എത്തിയ യുവാവിനെ അറസ്റ്റ് ചെയ്തത്. പനച്ചിക്കാട് വെള്ളുത്തുരുത്തി പള്ളിക്കുന്നേൽ വീട്ടിൽ റെജീഷിനെ(26)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും കണ്ടു കെട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version