Kerala

ഈരാറ്റുപേട്ട സഹകരണ ബാങ്ക് അഴിമതി: വിജിലൻസിനെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്

Posted on

 

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കാൻ യു.ഡി.എഫ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റി തീരുമാനിച്ചു.വളരെ നല്ല നിലയിൽ പ്രവർത്തിച്ച് വന്നിരുന്ന ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് ഇന്ന് അതിന്റെ തകർച്ച പൂർണമായി കഴിഞ്ഞതായി യു.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.

വർഷങ്ങളായി ഇടതു പക്ഷം മാത്രം ഭരിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് തകർച്ച പൂർത്തിയാകുമ്പോൾ ചെറുതും വലുതുമായ നിക്ഷേപകർ തങ്ങളുടെ പണം തിരികെ കിട്ടാൻ നെട്ടോട്ടത്തിലാണ്. അഴിമതിയും കെടുകാര്യസ്ഥതയും വഴിവിട്ട ലോണുകളുമാണ് ബാങ്കിനെ ഇത്ര വലിയ തകർച്ചയിൽ എത്തിച്ചത്. ബന്ധുക്കൾക്കും പാർട്ടിക്കാർക്കും വഴിവിട്ട നിലയിൽ, ഇല്ലാത്ത വസ്തുകൾക്ക് പോലും ലോൺ നൽകി. ചെറിയ വിലകൾ മാത്രം ലഭിക്കുന്ന വസ്തു വകകക്ക് പോലും ലക്ഷങ്ങൾ വിലയിട്ട് ലോണുകൾ നൽകിയിരിക്കുകയാണ്. ലോണുകൾ കൈപ്പറ്റിയവർ ആരും പിന്നീട് പണം തിരികെ അടച്ചിട്ടില്ല. ബാങ്കിനെ വിശ്വസിച്ച് നിരവധി പേർ ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നു.

ഇവരിൽ പലർക്കും ആയിരം രൂപക്ക് പോലും ബാങ്കിന് മുന്നിൽ വന്ന് ദിവസം മുഴുവൻ കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. പലർക്കും ഇതു പോലും ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവരുന്നു. നിരവധി പരാതികൾ അധികൃതർക്ക് നിക്ഷേപകരിൽ പലരും നൽകിയെങ്കിലും സ്വാധീനം ഉപയോഗിച്ച് പരാതികളൊക്കെ മുക്കിക്കളയുമായിരുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.

ഭരണമാറ്റം നിക്ഷേപകർക്ക് വൻ പ്രതീക്ഷ നൽകുന്നു. നിക്ഷേപകരുടെ പണം തിരിച്ച് നൽകാൻ ബാങ്കിന്റെ ആസ്തി വകകൾ വിൽക്കാനോ ഉത്തരവാദികളിൽ നിന്നും ഈടാക്കി നൽകാനോ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹകരണ രജിസ്ട്രാറെ സമീപിക്കാനും തകർച്ചക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിന് വേണ്ടി വിജിലൻസിനെ സമീപിക്കുവാനും യു.ഡി.എഫ് ഈരാറ്റുപേട്ട നഗരസഭാ കമ്മറ്റി തീരുമാനിച്ചു. ചെയർമാൻ കെ.ഇ.എ. ഖാദർ അധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു. റാസി ചെറിയവല്ലം സ്വാഗതം പറഞ്ഞു. കെ.എ. മുഹമ്മദ് ഹാഷിം, പി.എച്ച്. നൗഷാദ്, കെ.എ. മാഹിൻ, അനസ് നാസർ, റസീമ മുതുകാട്ടിൽ, ഹസീബ് വെളിയത്ത്, സാജിദ് കെ.എ, വി.പി. മജീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version