Kerala

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കം എൽ.ഡി.എഫിൽ വലിയ സി.പി.എം – സി.പി.ഐ പോരിലേക്ക് വഴിമാറുന്നു

Posted on

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കം  എൽ.ഡി.എഫിൽ വലിയ സി.പി.എം – സി.പി.ഐ പോരിലേക്ക് വഴിമാറുന്നു. തങ്ങളുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച സി.പി.ഐ, രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ഇനിമുതൽ മുന്നണിയിൽ ഒറ്റയ്ക്ക് മുന്നോട്ടുപോകാൻ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ തീരുമാനിച്ചു.

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ സി.പി.ഐ. തനിച്ചു സമരം നടത്തും. പി.എം.ശ്രീ വിഷയവും സജീവമായി ഉന്നയിക്കും. ഈ രണ്ടു വിഷയത്തിലും സി.പി.എമ്മിന്റെ നിലപാടുമായി യോജിച്ചുപോകാനാകാത്ത സ്ഥിതിയുണ്ടെന്ന് സി.പി.ഐ. വിലയിരുത്തി. എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി.ഐ. പങ്കെടുക്കില്ല. എന്നാൽ, എൽ.ഡി.എഫിൽനിന്ന് മാറിനിൽക്കാനോ മുന്നണിയോഗത്തിൽ പങ്കെടുക്കാതിരിക്കാനോ തീരുമാനിച്ചിട്ടില്ല.

സി.പി.എം. നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സി.­പി.ഐ.യെ അനുനയിപ്പിക്കാൻ ചൊവ്വാഴ്ച എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൻ. സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു. ഉപനേതാവ് പദവി തീരുമാനിക്കുന്നതിന് കുറച്ചുകൂടി സമയവും ചർച്ചയും വേണമെന്നും അതുവരെ മുന്നണിയുമായി സഹകരിച്ചുപോകണമെന്നും രാമകൃഷ്ണൻ ആവശ്യപ്പെട്ടു. നിസ്സഹകരണമില്ലെന്നും ആദ്യം ഉപനേതാവിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും ബിനോയ് മറുപടിനൽകി.

രാമകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു. ഉപനേതാവ് സ്ഥാനം ലഭിക്കാതെ വിട്ടുവീഴ്ചയ്ക്കു തയ്യാറാകേണ്ടതില്ലെന്ന് മറ്റുനേതാക്കളും നിലപാടെടുത്തു. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ തെറ്റില്ലെന്ന നിലപാട് സി.പി.എം. നേതാക്കൾ സ്വീകരിച്ചതാണ് ഒറ്റയ്ക്കു സമരം മതിയെന്ന് സി.പി.ഐ. തീരുമാനിക്കാൻ കാരണം.

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ സി.പി.എമ്മും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കൂടിയാലോചനയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version