Kerala

കെ.പി.സി.സി അധ്യക്ഷനെയും മറ്റ് പ്രധാന ഭാരവാഹികളെയും നിയമിക്കുന്ന നടപടികൾ വൈകുന്നു :മുന്നണിയിലും അസ്വസ്ഥതകൾ

Posted on

കെ.പി.സി.സി അധ്യക്ഷനെയും മറ്റ് പ്രധാന ഭാരവാഹികളെയും നിയമിക്കുന്ന നടപടികൾ വൈകുന്നതോടെ യു.ഡി.എഫിന്റെ സംഘടനാപ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാൽ അസ്വാരസ്യങ്ങൾ പരസ്യമായി പുറത്തുവരുന്നില്ലെങ്കിലും, മുന്നണിക്കുള്ളിൽ അസംതൃപ്തി ശക്തമാണെന്നാണ് സൂചന.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിനെ തുടർന്ന് കോൺഗ്രസിന്റെ സംഘടനാ നേതൃത്വത്തിൽ ഉണ്ടായ ശൂന്യതയാണ് നിലവിലെ പ്രധാന വെല്ലുവിളി. മുസ്ലിം ലീഗിനകത്തും അതൃപ്തി ഉയരുന്നുണ്ടെന്നാണ് വിവരം. മദ്യനികുതി, വിഴിഞ്ഞം ഓഹരി വിൽപ്പന, പി.എം.ശ്രീ. പദ്ധതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ വിശദമായ ചർച്ചയും ഏകോപനവും വേണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. എന്നാൽ, മുന്നണിയോഗം വിളിക്കാൻ പോലും പുതിയ കെ.പി.സി.സി. അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന യോഗത്തിൽ, കെ.പി.സി.സി. പ്രസിഡന്റിനെ കണ്ടെത്താൻ എ.ഐ.സി.സി. ‘ഡൽഹി മോഡൽ’ നിരീക്ഷകരെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടികൾ മുന്നോട്ടുപോയിട്ടില്ല. അതേസമയം, കോൺഗ്രസ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം പോലും പൂർണമായിട്ടില്ല. ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്തെ നിയമനങ്ങൾ പല സ്ഥലങ്ങളിലും തുടരുകയാണ്. ഈ സ്ഥാനങ്ങളിലെ ഘടകകക്ഷി വിഹിതം സംബന്ധിച്ച തീരുമാനവും യു.ഡി.എഫ്. തലത്തിൽ എടുക്കാനുണ്ട്.

നിലവിൽ മന്ത്രി സണ്ണി ജോസഫാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. എന്നാൽ, മഴക്കാലവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങളിൽ തിരക്കിലായതിനാൽ പാർട്ടി കാര്യങ്ങൾക്ക് ആവശ്യമായ സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല. വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിമാരായതിനാൽ സംഘടനാ ചുമതലകളിൽ നിന്ന് ഏറെക്കുറെ മാറിനിൽക്കുകയാണ്. മൂന്നാമത്തെ വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി. ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന എം. ലിജുവും മന്ത്രിസഭയിലെ അംഗമായതോടെ സംഘടനാ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.

കെ.പി.സി.സി. അധ്യക്ഷനെ സംബന്ധിച്ച അന്തിമ ചർച്ചകൾക്ക് രാഹുൽ ഗാന്ധിയുടെ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം. അതുവരെ പുനഃസംഘടനയും അനുബന്ധ നിയമനങ്ങളും അനിശ്ചിതത്വത്തിൽ തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version