Kerala

ഈ ട്രെൻഡ് വെറും 2 ദിവസം കൂടി തുടർന്നാൽ മതി, പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തും. ആ വീഴ്ച 85,000-90,000 രൂപയിലേക്കു നീണ്ടാലും അതിശയിക്കേണ്ട

Posted on

തിരുവനന്തപുരം | സ്വർണവില കേരളത്തിൽ സൂപ്പർഫാസ്റ്റ് വേഗത്തിൽ കൂപ്പുകുത്തുന്നു. രാജ്യാന്തര വിപണിയിലെ വിലത്തകർച്ചയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ഇന്ന് ഗ്രാമിന് 165 രൂപ ഇടിഞ്ഞ് 12,845 രൂപയായി. പവന് 1320 രൂപ താഴ്ന്ന് 1,02,760 രൂപയിലെത്തി. രണ്ടു ദിവസത്തിനിടെ പവന് കുറ‍ഞ്ഞത് 2800 രൂപ. ഈ ട്രെൻഡ് വെറും 2 ദിവസം കൂടി തുടർന്നാൽ മതി, പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തും. ആ വീഴ്ച 85,000-90,000 രൂപയിലേക്കു നീണ്ടാലും അതിശയിക്കേണ്ടെന്ന് വിതരണക്കാർ പറയുന്നു.

യുഎസ്-ഇറാൻ സംഘർഷം തുടരുന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പം കൂടാനിടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധരും കരുതുന്നു. പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ ഇക്കൊല്ലം മൂന്നു തവണ യുഎസ് ഫെ‍ഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിൽ ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതോടെയാണ് സ്വർണവില ഇടിഞ്ഞത്. ഡോളർ ഉയരുന്നത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിന്റെ ചെലവ് വർധിപ്പിക്കും. ഉയർന്ന പലിശയുള്ളപ്പോൾ സ്വർണം പോലുള്ള നിക്ഷേപങ്ങളിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നതും പതിവാണ്. ഇത് കണക്കിലെടുത്ത് ഡിമാൻഡ് കുറഞ്ഞതോടെയാണ് സ്വർണത്തിന്റെ പിന്മാറ്റം. അടുത്ത ദിവസങ്ങളിൽ പുറത്തു വരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളും സ്വർണവിലയെ സ്വാധീനിച്ചു.

ഇന്നലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 4017.60 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് മൂന്നു ശതമാനത്തോളം ഇടിഞ്ഞു. ഒരു വേള ഔൺസിന് 3948 ഡോളർ വരെ ഇടിഞ്ഞെങ്കിലും പിന്നീട് 3969ലേക്ക് തിരികെ കയറി. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് സ്വർണം 4000 ഡോളറിനു താഴെയെത്തുന്നത്. 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവിലേക്കാണ് സ്വർണത്തിന്റെ സഞ്ചാരം. സുരക്ഷിത നിക്ഷേപമെന്ന സംരക്ഷണം ഒഴിവാക്കി നിക്ഷേപകർ മറ്റ് നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞതോടെ 2013നു ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ ഇടിവും സ്വർണത്തിനുണ്ടാകും.

വില കുത്തനെ ഇടിഞ്ഞതോടെ എല്ലാവരുടെയും സംശയം ഇപ്പോൾ സ്വർണം വാങ്ങാനുള്ള ശരിയായ സമയമാണോ എന്നാണ്. അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്ന യുഎസ് തൊഴിൽ കണക്കുകളാകും ഇനി സ്വർണത്തിന്റെ ഭാവി നിശ്ചയിക്കുക. പണപ്പെരുപ്പ ഭീഷണി കുറഞ്ഞാൽ സ്വർണം അടുത്ത ദിവസങ്ങളിൽ തന്നെ ഔൺസിന് 4150 റേഞ്ചിലേക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. മറിച്ചായാൽ വില വീണ്ടും ഇടിഞ്ഞേക്കാം. എന്നാൽ സ്വർണ നിക്ഷേപങ്ങളിൽ തിരക്കു കൂട്ടരുതെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, സ്വർണവില വീണ്ടും ഇടിയുമെന്ന ആശങ്ക കനത്തതോടെ സ്വർണം വിറ്റുകാശാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യക്കാർ. കഴിഞ്ഞ മൂന്നു മാസത്തിനിടെ 50,000 കിലോ സ്വർണം ഇന്ത്യക്കാർ വിറ്റു പണം വാങ്ങിയെന്ന് കണക്ക്.

സ്വർണവില കുത്തനെ ഇടിഞ്ഞത് ആഭരണങ്ങളുടെ വിലയും കുറച്ചിട്ടുണ്ട്. പുതുക്കിയ വിലയിൽ പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,16,500 രൂപ മതിയാകും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി മൂന്നു മുതൽ മുപ്പതു ശതമാനം വരെയാകാം. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം 130 രൂപ കുറ‍ഞ്ഞ് 10,615 രൂപയിലെത്തി. ചില ജ്വല്ലറികളിൽ 10,650 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 235 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version