Kerala

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ധനസഹായവും “വിദ്യാകിരണം 2026″ബോയ്സ്‌ ടൗണിൽ

Posted on

 

പാലാ സെന്റ് തോമസ് കോളേജിലെ 1984–’87 വർഷത്തെ B.Sc. ഫിസിക്സ് ബാച്ച് അലുംനൈ അസോസിയേഷൻ സംഘടിപ്പിക്കുന്ന “വിദ്യാകിരണം 2026” പദ്ധതിയുടെ ഉദ്ഘാടനം 2026 ജൂൺ 7, ഞായറാഴ്ച ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ധനസഹായവും നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണവും ധനസഹായ വിതരണവും പാലാ നഗരസഭാ അധ്യക്ഷ കുമാരി ദിയ ബിനു പുളിക്കകണ്ടം നിർവഹിക്കും.
പാലാ ബോയ്സ് ടൗൺ, മരിയസദനം, കൊഴുവനാൽ ഗേൾസ് ടൗൺ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പാലാ ബോയ്സ് ടൗൺ ഹാളിൽ ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന യോഗത്തിൽ അലുംനൈ അസോസിയേഷൻ പ്രസിഡന്റ് പി. ജി. അനിൽ പ്രസാദ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോഷി വട്ടക്കുന്നേൽ സ്വാഗതം ആശംസിക്കുകയും, ട്രഷറർ കുര്യാച്ചൻ കൊക്കാട്ട് ആശംസ നേരുകയും സിസ്റ്റർ വിമല എസ്.എം.എസ്. നന്ദി രേഖപ്പെടുത്തുകയും ചെയ്യും.

കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ നിരവധി പദ്ധതികൾ അലുംനൈ അസോസിയേഷൻ നടപ്പിലാക്കി വരികയാണ്. പ്രവാസികൾ, വ്യവസായ-വാണിജ്യ രംഗത്തുള്ളവർ, കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അധ്യാപകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, കർഷകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അംഗങ്ങളുടെ കൂട്ടായ്മയും സേവനസന്നദ്ധതയുമാണ് ഈ പ്രവർത്തനങ്ങളുടെ വിജയത്തിന് അടിത്തറ.
സാമൂഹിക പ്രതിബദ്ധത, സഹജീവികളോടുള്ള കരുതൽ, മാനവിക മൂല്യങ്ങളോടുള്ള അർപ്പണബോധം എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുത്ത് നടപ്പാക്കാൻ അലുംനൈ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന്റെ നന്മയ്ക്കായി കരുതലിന്റെയും കരുണയുടെയും കരങ്ങളുമായി ഈ കൂട്ടായ്മ ഇനിയും സജീവമായി മുന്നോട്ട് പോകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version