Kottayam
എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ അൽഫോൻസയ്ക്ക് മികച്ച നേട്ടം
പാലാ: എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മിന്നുന്ന വിജയം സ്വന്തമാക്കിപാലാ അൽഫോൻസാ കോളേജ്. യൂണിവേഴ്സിറ്റി തലത്തിൽ 25 റാങ്കുകളും 27 എ പ്ലസുകളും നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇത്തവണയും അൽഫോൻസയുടെ വിദ്യാർത്ഥിനികൾക്കു സാധിച്ചു. വർഷങ്ങളായി എംജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസും സ്വന്തമാക്കിവരുന്ന കോളേജിൻ്റെ, അക്കാദമിക രംഗത്തെ മികവിൻ്റെ സാക്ഷ്യമാണ് ഇത്തവണത്തെ പരീക്ഷാഫലം.
നാക് റി അക്രഡിറ്റേഷനിൽ എ പ്ലസ് നേടിയ കോളേജിലെ സ്വച്ഛമായ പഠനാന്തരീക്ഷവും മികച്ച അടിസ്ഥാന സൗകര്യങ്ങളും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങളും ഫലപ്രദവും വിദ്യാർത്ഥിനീ കേന്ദ്രീകൃതവുമായ അധ്യാപന ശൈലിയും സ്ഥിരോത്സാഹമുള്ള വിദ്യാർത്ഥിനീ സമൂഹവുമാണ് ഈ നേട്ടങ്ങളുടെയെല്ലാം പിന്നിൽ. കോളേജ് സ്വന്തമായി ആരംഭിച്ച പുതിയ സിഗ്നേച്ചർ – സ്പെഷ്യലൈസേഷൻ കോഴ്സുകൾ ഉൾപ്പെടുത്തി സിലബസ് പരിഷ്കരിച്ച് എം.ജി. യൂണിവേഴ്സിറ്റിയുടെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ പുരോഗമിക്കുന്നു.
ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി മാനേജർ റവ ഡോ ജോസഫ് കണിയോടിക്കൽ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, ബർസാർ റവ ഫാ കുര്യാക്കോസ് വെളളച്ചാലിൽ എന്നിവർ അറിയിച്ചു.