Kerala
കൈക്കൂലി വാങ്ങികൊണ്ടിരുന്നപ്പോൾ വിജിലൻസ് എത്തി ; വീടിന്റെ മേൽക്കൂര പൊളിച്ച് രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി ഡി വൈ എസ് പി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ‘പ്രോജക്ട് സീറോ’യിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥനും കുടുങ്ങി. കോഴ വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ അതീവ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജിലൻസ് കയ്യോടെ പിടികൂടി. സിനിമയെ വെല്ലുന്ന രംഗങ്ങൾക്കാണ് ഡിവൈഎസ്പിയുടെ വീടും പരിസരവും സാക്ഷ്യം വഹിച്ചത്.
പിടിച്ചെടുത്ത കക്കൂസ് മാലിന്യം നിറച്ച വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡിവൈഎസ്പി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് പിടിച്ചെടുത്ത ശുചിമുറി മാലിന്യ വണ്ടികൾ വിട്ടുകിട്ടാൻ ഉടമ സമീപിച്ചപ്പോഴാണ് അനിൽകുമാർ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് വാഹന ഉടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.
വിജിലൻസിന്റെ നിർദേശപ്രകാരം അഡ്വാൻസായി നൽകാനുള്ള 50,000 രൂപയുമായി വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലെത്തി. ഡിവൈഎസ്പിയുടെ ആവശ്യപ്രകാരമാണ് പണം വീട്ടിലെത്തിച്ചത്. ഇതിനിടെ വിജിലൻസ് സംഘം ഉടമയെ രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ പെട്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട അനിൽകുമാർ വെട്ടിച്ച് അകത്തുകയറി വീടിന്റെ കതകടച്ചു.
വീടിന്റെ മേൽക്കൂര പൊളിച്ച് രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി. തുടർന്ന് മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിന് പിന്നാലെ വിജിലൻസ് സംഘവും വെച്ചുപിടിച്ചു. ഒടുവിൽ നാട്ടുകാരെ സാക്ഷിനിർത്തി ഒപ്പത്തിനൊപ്പം ഓടിയാണ് വിജിലൻസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്.ഈ ഓട്ടം ഒളിമ്പിക്സിൽ ആയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് മെഡൽ ലഭിച്ചേനെ എന്നാണ് ഓട്ടം കണ്ട നാട്ടുകാർ പ്രതികരിച്ചത് .