Kottayam

രാമപുരത്തെ കർമ്മയോഗികൾക്ക് യുവത്വത്തിന്റെ ആദരം; മെയ് ദിനം മാതൃകാപരമായി ആഘോഷിച്ച് എസ്.എം.വൈ.എം രാമപുരം ഫൊറോനാ

Posted on

 

രാമപുരം: ലോകം പടുത്തുയർത്തുന്ന കരുത്തുറ്റ കരങ്ങൾക്ക് ആദരവുമായി എസ്.എം.വൈ.എം. രാമപുരം ഫൊറോനയിലെ യുവജനങ്ങൾ. തൊഴിലാളി ദിനത്തോടനുബന്ധിച്ച് രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും വിവിധ തൊഴിൽ മേഖലകളിൽ അദ്ധ്വാനിക്കുന്ന കർമ്മയോഗികളെ നേരിൽ സന്ദർശിച്ചാണ് യുവജനങ്ങൾ മെയ് ദിനം അർത്ഥവത്താക്കിയത്.

സമൂഹത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുമ്പോഴും പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുന്ന സാധാരണക്കാരായ തൊഴിലാളികളുടെ സേവനങ്ങളെ അംഗീകരിക്കാനാണ് ഈ ഉദ്യമത്തിലൂടെ യുവജനങ്ങൾ ലക്ഷ്യമിട്ടത്. രാമപുരം ടൗണിലും പരിസരങ്ങളിലുമുള്ള നിർമ്മാണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, പെട്രോൾ പമ്പ് ജീവനക്കാർ, ചുമട്ടുതൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ യുവജനങ്ങൾ നേരിൽ കാണുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.

നാടിന്റെ ശില്പികളായ തൊഴിലാളികളുടെ വിയർപ്പിന് വിലനൽകേണ്ടത് പുതുതലമുറയുടെ കടമയാണെന്നും, ഓരോ തൊഴിലിനുമുള്ള മഹത്വം തിരിച്ചറിയാനാണ് ഇത്തരം ഒരു ഉദ്യമത്തിലൂടെ ലക്ഷ്യമിട്ടതെന്നും എസ്.എം.വൈ.എം ഫൊറോന പ്രസിഡൻ്റ് ജെഫിൻ റോയ് യുവജനങ്ങളോട് പറഞ്ഞു.

ഫൊറോന വൈസ് ഡയറക്ടർ സി. ക്ലയർ മരിയ സി.എം. സി, വൈസ് പ്രസിഡൻ്റ് ജിബിൻ തോമസ്, ജനറൽ സെക്രട്ടറി ജോയസ് ജോമോൻ, സെക്രട്ടറി എഡ്വിൻ ടെന്നിസൺ, ട്രഷറർ എഡ്വിൻ കോലത്ത് എന്നിവരോടൊപ്പം മറ്റ് യൂണിറ്റ് അംഗങ്ങളായ ടോം അലക്സ്, ക്രിസ്റ്റി മുഞ്ഞനാട്ട്, സിറിൽ സജീവ്, റോണി അഗസ്റ്റിൻ എന്നിവർ ഈ സന്ദർശനത്തിൽ പങ്കുചേർന്നു. തൊഴിലാളികളോടൊപ്പം സമയം ചെലവഴിച്ചും അവരുടെ വിശേഷങ്ങൾ പങ്കുവെച്ചും മെയ് ദിനം ആഘോഷിച്ചത് യുവജനങ്ങൾക്കും പുതിയൊരു അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version