Kerala

രാജ്യത്തെ തന്നെ നടുക്കിയ പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്ന് 10 വർഷം

Posted on

കൊല്ലം :രാജ്യത്തെ തന്നെ നടുക്കിയ പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്ന് 10 വർഷം.ഓർമ്മകളിൽ പൊട്ടിത്തെറി സൃഷ്ടിച്ച കൊല്ലം – പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനു 10 വർഷം തികയുന്നു.പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീന ഭരണി ഉൽസവത്തിനു സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ 110 പേരാണു കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. നൂറിലധികം വീടുകൾ തകർന്നു. ദുരന്തത്തിന്റെ ഓർമ്മകൾ പൊള്ളിക്കുന്ന ഈ വേനൽച്ചൂടിലും തരിച്ചു നിൽക്കുകയാണ് പുറ്റിങ്ങൽ.

2016 ഏപ്രിൽ 10 ന് പുലർച്ചെ 3.17 നാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടം. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നീ കരാറുകാർ വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു
കത്തിക്കാൻ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് കെട്ടിടം അപ്പാടെ തകർന്നു.

സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി. അമ്പലസമീപമുള്ള ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിനും അഗ്നിനാളത്തിനുമൊപ്പം കോൺക്രീറ്റ് പാളികൾ ആൾക്കൂട്ടത്തിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം തീരെ വികൃതമായിരുന്നു.

കോൺക്രീറ്റ് ബീമുകളും പില്ലറുകളും ജനക്കൂട്ടത്തിലേക്ക് വന്നു പതിച്ചു ശരീരത്തിൽ തുളച്ചു കയറി. കമ്പപ്പുരയുടെ കോൺക്രീറ്റ് പാളികൾ അര കിലോമീറ്ററോളം അകലെവരെ തെറിച്ചു വീണു. വലിയ കെട്ടിടങ്ങൾക്ക് മുകളിൽ വെടിക്കെട്ട് കാണാൻ നിലയുറപ്പിച്ചവർ സ്ഫോടന ശക്തിയിൽ അവിടെ നിന്ന് തെറിച്ച് നിലത്തുവീണു.

ഒരു കിലോമീറ്ററോളം അകലെ പരവൂർ നഗരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്ത രണ്ടു യുവാക്കളുടെ മേൽ കോൺക്രീറ്റ് പാളി പതിച്ച് ഒരു യുവാവ് ഒപ്പം മരണപ്പെട്ടു.

അപകടത്തിൽപ്പെട്ട മിക്കവരുടെയും ശരീരങ്ങൾ തികച്ചും ഛിന്നഭിന്നമായി. ദുരന്തത്തെ സംസ്ഥാന സർക്കാർ പിന്നീട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വീടുകൾ തകർന്നവർക്കുള്ള നഷ്ടപരിഹാരം ഇന്നും ഇനിയും അകലെ.

അന്ന് PWD ബിൽഡിങ്സ് വിഭാഗത്തിനായിരുന്നു നാശനഷ്ടം വിലയിരുത്താനുള്ള ചുമതല. 5000 രൂപ മുതൽ 35 ലക്ഷം രൂപ വരെ ഇവർ നഷ്ടപരിഹാരം തിട്ടപ്പെടുത്തി. പക്ഷേ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതാണ് വിനയായത്. പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിനുള്ള ഫണ്ടിൽ നിന്നു പരമാവധി 1,90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂ. 35 ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായവർക്കും 1,90,000 രൂപ വാങ്ങി തിരികെപ്പോകേണ്ട സ്ഥിതിയായി.

ദുരന്തത്തിനു 10 വർഷം പിന്നിടുമ്പോഴും പരവൂർ നിവാസികളുടെ ഉള്ളിലെ ആ തീ ആളൽ ഇന്നും നിലച്ചിട്ടില്ല. ദുരന്തത്തിന്റെ ശേഷിപ്പുകൾ നീറുന്ന കാഴ്ചകളായി ഇന്നും പുറ്റിങ്ങലിലുണ്ട്.

കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ചെറുതും വലുതുമായ 850 ലധികം വെടിക്കെട്ട് അപകടങ്ങളാണുണ്ടായത്. ഇതിൽ സ്ത്രീകൾ അടക്കം 400ലധികം പേർ മരിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ദുരന്തങ്ങൾ ഉണ്ടായത്. ഇതിലേറെയും തൃശൂർ, പാലക്കാട് ജില്ലകളിലാണ് സംഭവിച്ചത്. കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് കൊല്ലം പരവൂർ ക്ഷേത്രത്തിലേത്.

1952 -ശബരിമലയിൽ ജനുവരി 14ന് പകൽ 3 മണിക്കുണ്ടായ കരിമരുന്നു സ്ഫോടനത്തിൽ 68 പേർ മരിച്ചിരുന്നു.

1978 -തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടത്തിൽ പെട്ട് എട്ടു പേർ മരിച്ചു.

1984 -തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടത്തിൽ 20 മരണം സംഭവിച്ചു.

1987 -തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ – കൂട്ടന്മൂലി ക്ഷേത്രത്തിൽ 20 പേർ മരണപ്പെട്ടു.

1987 -തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്നവർ ട്രെയിനിടിച്ച് 27 പേർക്ക് ദാരുണ മരണം സംഭവിച്ചു.

1988 -തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് 10 സ്ത്രീ ജോലിക്കാർ മരിച്ചു.

1989 -തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ 5 വർഷത്തിന് ശേഷം വീണ്ടും നടന്ന അപകടത്തിൽ 12 പേർ മരിച്ചു.

1990 -കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടത്തിൽ 26
പേർ മരണപ്പെട്ടു.

1997 -ചിയ്യാരം പടക്ക നിർമാണശാലയിൽ പൊട്ടിത്തെറിയിൽ 6 മരണം.

1998 -പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ പൊട്ടിത്തറി 13 മരണം.

1999 -പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ 8 പേർ മരണമടഞ്ഞു

2006 -തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടത്തിൽ മരണം 7.

2007 -കോഴിക്കോട് പടക്കക്കടക്ക് തീപിടിച്ച് 8 പേർക്ക് മരണം സംഭവിച്ചു.

2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 6 പേർക്ക് മരണം സംഭവിച്ചു.

ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് വെടിക്കെട്ട് അപകടങ്ങളിലായി 160 – ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version