Kerala
പാലായിൽ ബിജെപി വിജയിച്ചാൽ ആരോഗ്യ വിപ്ലവം; അശ്വന്ത് നാരായണൻ രംഗത്ത്, ഷോൺ ജോർജിന് ശക്തമായ പിന്തുണ
പാലാ: കർണ്ണാടക മുൻ ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലായിൽ എത്തി. കൊഴുവനാൽ പഞ്ചായത്തിലെ തോടനാൽ പ്രദേശത്ത് നടന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം, കേരളത്തിൽ ബിജെപിയും പാലായിൽ ഷോൺ ജോർജും വിജയിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഷോൺ ജോർജുമായുള്ള സൗഹൃദബന്ധത്തെ തുടർന്നാണ് അശ്വന്ത് നാരായണൻ പ്രചാരണത്തിനായി പാലായിൽ എത്തിയത്. സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്ന് അദ്ദേഹം മടങ്ങുകയും ചെയ്തു.ബിജെപി പാലായിൽ വിജയിച്ചാൽ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അശ്വന്ത് നാരായണൻ പ്രഖ്യാപിച്ചു. ജനറൽ ആശുപത്രി ഉൾപ്പെടെ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും ഹെൽത്ത് സെൻററുകളിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് സേവനങ്ങൾ കാര്യക്ഷമമാക്കും.
മലയോര മേഖലയിൽ ഐസിയു, കാർഡിയാക് സൗകര്യങ്ങളുള്ള ആംബുലൻസുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. “നഴ്സ് ഓൺ വീൽ” പദ്ധതി വഴി പ്രായമായവർക്കും കിടപ്പ് രോഗികൾക്കും വീട്ടിൽ തന്നെ ചികിത്സയും പരിശോധനയും ഉറപ്പാക്കും. ആശാ വർക്കർമാരുടെയും നഴ്സുമാരുടെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കും.
കൂടാതെ, ബിജെപി വിജയിച്ചാൽ ആറ് മാസത്തിനകം നിയോജക മണ്ഡലത്തിലെ എഴുപത് വയസിന് താഴെയുള്ള എല്ലാവരെയും കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ മേഖലയെ കേന്ദ്രീകരിച്ച് വലിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയ ബിജെപി പ്രചാരണത്തിന് ഈ സന്ദർശനം കൂടുതൽ ശക്തി പകരുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.