Kerala

കിഴതടിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരന് നഷ്ടപരിഹാരം ഉൾപ്പെടെ 37,00,000/-ലക്ഷം രൂപ നൽകാൻ കൺസ്യൂമർ കോടതിയുടെ ഉത്തരവ്

Posted on

കോട്ടയം: കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നൽകുന്നതിൽ വീഴ്ചവരുത്തിയ ബാങ്ക്, പരാതിക്കാരന് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു.

പരാതിക്കാരനായ പാലാ മുരിക്കുംപുഴ സ്വദേശി ജോസഫ്, തന്റെയും തന്റെ കുടുംബാങ്ങളുടെയും പേരിൽ 2015 -ൽ പാലാ കിഴതടിയൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 36,00,000/- ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തിയിരുന്നു. 2024 ഏപ്രിൽ മാസത്തിൽ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാവുകയും, ബാങ്ക് ഭരണസമിതിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്ന് വരികയും ചെയ്ത ഘട്ടത്തിൽ, പരാതിക്കാരൻ ഡെപ്പോസിറ്റ് തുക പലിശ സഹിതം തിരികെ ലഭിക്കുന്നതിന് ബാങ്കിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഫിക്സഡ് ഡെപ്പോസിറ്റ് മുഴുവനായി തിരികെ നൽകാൻ സാധിക്കില്ലെന്നും, ഓരോ മാസവും 5000/- രൂപ വീതം പരാതിക്കാരന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാം എന്ന നിരുത്തരവാദപരമായ ഒരു മറുപടിയാണ് ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് തനിക്ക് അവകാശപ്പെട്ട പണം പലിശ തിരികെ ലഭിക്കാൻ പരാതിക്കാരൻ കോട്ടയം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

നിക്ഷേപകർ അവരുടെ പ്രയത്‌നഫലമായ പണം നിക്ഷേപിക്കുന്നത് കാലാവധിയെത്തുമ്പോൾ അത് തിരിച്ചുകിട്ടുമെന്ന നിയമാനുസൃതമായ പ്രതീക്ഷയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവമായ അശ്രദ്ധയും സേവന ന്യൂനതകളും ബാങ്കിന്റെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക ക്ലേശങ്ങൾക്കും 36,00,000/- രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുക കൂടാതെ 100,000/- രൂപ നഷ്ടപരിഹാരം കൂടി ബാങ്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വ. റോണി നെടുമ്പള്ളി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version