Kottayam
സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കർഷകർ: മൂന്നാമത് രാമപുരം ഫെസ്റ്റിന് ഇന്ന് തിരി തെളിയും
രാമപുരം: “സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കർഷകർ” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ നടക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോണിന്റെയും ഇൻഫാമിന്റെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 27ന് രാവിലെ 9 മണിക്ക് വിവിധ പ്രദർശനങ്ങൾ ആരംഭിക്കും. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ഫെസ്റ്റിന് ഔദ്യോഗിക തുടക്കമാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി കാർഷിക പ്രദർശനം, കാർഷിക സെമിനാറുകൾ, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്റ്റാളുകൾ, പുരാവസ്തു-നാണയ പ്രദർശനം, റോബോട്ടിക് പ്രദർശനം, കുതിരസവാരി, ഒട്ടകസവാരി എന്നിവ അരങ്ങേറും. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ 2000 കിലോ തൂക്കം വരുന്ന ‘കമാന്റോ’ എന്ന പോത്തിന്റെ പ്രത്യേക പ്രദർശനവും ശ്രദ്ധേയമാകും. കുട്ടികൾക്കായി വിനോദ-വിജ്ഞാനപരമായ നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാസന്ധ്യകളും ഉണ്ടായിരിക്കും.
കുടുംബസമേതം എത്തി ആസ്വദിക്കാവുന്ന സമഗ്രമായ മേളയായിരിക്കും രാമപുരം ഫെസ്റ്റ്. കാർഷിക മേഖലയിലെ പുതുമകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ കർഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാകും.
ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മൈതാനത്ത് സ്റ്റാളുകൾക്കായുള്ള പന്തൽ നിർമ്മാണം ഉൾപ്പെടെ അന്തിമ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
പ്രഫ. കെ.കെ. ജോസ് കരിപ്പാക്കാട്ടിൽ, സിബി തോമസ് കോയിപ്പിള്ളിൽ, ഷാജി ആറ്റുപുറം, മനോജ് ചീങ്കല്ലേൽ, ടോം തോമസ് പുളിക്കപ്പാലിൽ, ബേബി പന്തപ്പിള്ളിൽ, ആലീസ് ജോർജ്, സഞ്ജു നെടുംകുന്നേൽ, സിബി തോമസ് കുന്നേൽ, ബിനോയി ഊടുപുഴ, മനോജ് പണിക്കർ, വിശ്വൻ രാമപുരം, അരുൺ കുളക്കാട്ടോലിക്കൽ, രാമപുരം ഫൊറോനാപ്പള്ളി വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറം, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സോണൽ ഡയറക്ടർ ഫാ. അഖിൽ കുഴിമുള്ളിൽ, ബിനു മാണിമംഗലം, സിബി കൊയപ്പിള്ളിൽ, എം.കെ. കുര്യാക്കോസ് മാണിവയലിൽ തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 8075475164.