Kerala

വീണ്ടു കത്രിക വില്ലനായി .,ഓപ്പറേഷൻ കഴിഞ്ഞപ്പോൾ യുവതിയുടെ വയറ്റിൽ കത്രിക മറന്നു വച്ചു

Posted on

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനിയായ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയതാണ് വിവാദമായത്. ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്.

2021 മെയ് 5-നാണ് ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷാ ജോസഫ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെടാൻ തുടങ്ങി.

വർഷങ്ങളോളം വ്യക്തമായ കാരണം കണ്ടെത്താനാകാതെ വേദനയ്ക്കുള്ള മരുന്നുകൾ കഴിച്ചാണ് ഉഷ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് ബുധനാഴ്ച എടുത്ത എക്സറേ പരിശോധനയിലാണ് വയറ്റിനുള്ളിൽ കത്രിക ഉള്ളതായി കണ്ടെത്തിയത്.

വേദന രൂക്ഷമായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും, മൂത്രത്തിൽ കല്ലുണ്ടെന്നു പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചുവെന്നാണ് ഉഷയും കുടുംബവും പറയുന്നത്. ആവശ്യമായ പരിശോധനകൾ നടക്കാതിരുന്നതാണ് ഇത്രയും കാലം യഥാർത്ഥ പ്രശ്നം കണ്ടെത്താൻ വൈകാൻ കാരണമായതെന്ന ആരോപണവും ഉയരുന്നു.

വയറ്റിൽ കത്രിക കണ്ടെത്തിയതിന് പിന്നാലെ, തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി അത് പുറത്തെടുക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. എന്നാൽ ചികിത്സാപിഴവിന് ഇരയായ അതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് പോകാൻ ഭയമാണെന്ന് ഉഷ പ്രതികരിച്ചു.

സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ പരാതി നൽകുമെന്ന് ഉഷയുടെ കുടുംബം അറിയിച്ചു. ഗുരുതരമായ ഈ സംഭവം ആരോഗ്യവകുപ്പിലും വ്യാപക ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version