Kerala

കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനം- മുഖ്യമന്ത്രി

Posted on

 

കോട്ടയം: പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 15 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 50000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62000 കോടി രൂപയായി ഉയർന്നു. ഈ സർക്കാരിന്‍റെ കാലത്ത് അത് ഒരുലക്ഷം കോടി രൂപയിലെത്തി- അദ്ദേഹം പറഞ്ഞു.

ആരോഗ്യരംഗത്ത് സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റമാണ് പത്തുവർഷം കൊണ്ടുണ്ടായത്. അതിവിപുല സൗകര്യങ്ങളുള്ള രാജ്യങ്ങളേക്കാള്‍ നവജാത ശിശു മരണനിരക്കിലും മാതൃ മരണനിരക്കിലും കേരളത്തിന് മികച്ച നിലയിലെത്താനായി. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടർമാരും ജീവനക്കാരും നൽകിയ സംഭാവന വലുതാണ്. സർക്കാർ ആശുപത്രികൾ മാത്രമല്ല നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. പ്രവർത്തനലാഭത്തിനൊപ്പം സേവനം എന്ന രീതി കൂടി പിന്തുടരുന്നവയാണ് അവയിൽ പലതും.

എന്നാൽ ലാഭത്തിൽ മാത്രം കണ്ണുനട്ട് പ്രസിദ്ധമായ ചില സ്വകാര്യആശുപത്രികളിലേക്ക് ആഗോളഭീമന്മാർ കടന്നുവന്നിട്ടുണ്ട്. അവിടങ്ങളില്‍ സൗകര്യങ്ങളിലൊന്നും മാറ്റമില്ലെങ്കിലും ചികിത്സയ്ക്ക് ഈടാക്കുന്ന തുകയില്‍ വലിയ വര്‍ധനവാണ്. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഏതു മികച്ച സ്വകാര്യ ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്തുകയാണ് ലക്ഷ്യം.

നവകേരളം എന്നത് സങ്കല്‍പ്പമല്ല, യാഥാര്‍ത്ഥ്യമാണ്. അവിടേക്കാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എവിടെ നോക്കിയാലും ആ മാറ്റം പ്രകടമാണ്-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

​മെഡിക്കൽ കോളജ് ആങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ​മെഡിക്കൽ കോളജുകളിലും അതിവിപുലമായ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനും മികച്ച ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്രമാക്കാനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു.

1150 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുവർഷം കൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയതെന്നും കിഫ്ബി വഴി സർക്കാർ നൽകിയ പിന്തുണയിലൂടെയാണ് ഇതു സാധ്യമായതെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. ജയ്‌മോൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡന്‍റ് ഒ.എ. സജി, ബ്‌ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമിച്ചൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ് സച്ചിൽ, ദന്തൽ കോളജ് പ്രിൻസിപ്പൽ വി.പി. കണ്ണൻ, നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ ലിനി ജോസഫ്, വൈസ് പ്രിൻസിപ്പൽ ടി.ആർ. രാധ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ചീഫ് നഴ്‌സിംഗ് ഓഫീസർ പി.കെ. ഉഷ, ഡി.സി.എച്ച് പ്രസിഡൻറ് സി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version