Kerala
അമ്പലപ്പുഴ പാൽപായസത്തിന്റെ വില വർധിപ്പിച്ചു :160ൽ നിന്നാണ് 240 രൂപയായി വില വർദ്ധിപ്പിക്കാൻ കോടതി അനുമതി നൽകിയത്
അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന് ലിറ്ററിന് ഇനി 240 രൂപയായിരിക്കും വില. 160ൽ നിന്നാണ് 240 രൂപയായി വില വർദ്ധിപ്പിക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. വില വർദ്ധന ഇതോടെ പ്രാബല്യത്തിലായി.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വില വര്‍ദ്ധനയ്ക്ക് അനുമതി നൽകിയത്. ഒമ്പത് വർഷത്തിന് ശേഷമാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന് വില വർദ്ധിപ്പിക്കുന്നത്.
പായസ നിർമാണത്തിനാവശ്യമായ പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലക്ക തുടങ്ങിയവയുടെ വില വർദ്ധിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വില വർദ്ധനയെ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂലിച്ചു. ഗുണ നിലവാരം ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
നിരക്ക് പുതുക്കാൻ സ്ഥിരം സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ ദേവസ്വം ബോർഡിനോടും സർക്കാരിനോടും നിർദേശിച്ച കോടതി ഹർജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി.