Kerala

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദേശീയ സെമിനാർ സമാപനവും പുസ്തക പ്രകാശനവും

Posted on

 

പാലാ : അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 29, 30 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്ത സെമിനാറിന്റെ രണ്ടാം ദിവസം ഐ ഐ ടി ഹൈദരാബാദ് ഡിപ്പാർട്ട്മെൻറ് ഓഫ് ലിബറൽ ആർട്സിലെ ഡോ. ആനന്ദിതാ പാൻ,പ്രശസ്ത കവിയും ചിത്രകാരനും പരിഭാഷകനുമായ ശ്രീ എം ആർ രേണുകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ വിഷയങ്ങളിലായി 50 ഓളം അധ്യാപകരും വിദ്യാർത്ഥികളും ഗവേഷണ വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സി.മിനിമോൾ മാത്യു അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ  എം ആർ രേണുകുമാർ മുഖ്യാതിഥിയായിരുന്നു.

മനുഷ്യൻ്റെ ഉള്ളിലെ നൈസർഗികമായ സർഗ്ഗവാസനകൾ കഴിഞ്ഞ കാലത്തിൻ്റെ ഈടുവെപ്പുകളോട് ചേരുമ്പോഴാണ് കലയും കവിതയും ജനിക്കുന്നതെന്ന്  രേണുകുമാർ അഭിപ്രായപ്പെട്ടു. ഉത്തമ സാഹിത്യകൃതികൾ വികാരവിമലീകരണത്തിനും മനുഷ്യ സംസ്കൃതിയുടെ നിർമ്മാണത്തിനും കാരണമാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തദവസരത്തിൽ 2024- 25 അക്കാദമിക വർഷത്തിൽ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥിനികളും രചിച്ച കവിതകളുടെ സമാഹാരമായ സീസൺസ്  രേണുകുമാർ പ്രകാശനം ചെയ്തു. കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ആദ്യ പ്രതി ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ മിസ് മഞ്ജു ജോസ്,ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ഡോക്ടർ സോണിയ സെബാസ്റ്റ്യൻ,സെമിനാർ കൺവീനർ ആഷ്‌ലി തോമസ്, കോ-കൺവീനർ അശ്വതി എൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version