Kottayam
നയം വ്യക്തമാക്കുന്നു :ഏതാനും നിമിഷങ്ങൾക്കകം ജോസ് കെ മാണി മാധ്യമങ്ങളെ കാണുന്നു
കോട്ടയം ;കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് രാവിലെ 11.30ന് പാർട്ടി ചെയർമാന്റെ പത്രസമ്മേളനം. ബുധനാഴ്ച രാവിലെ 11.30ന് കോട്ടയത്തു കാണാം എന്നാണ് ജോസ്.കെ മാണി മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞദിവസം വിദേശത്തുനിന്നും പാലായിലെ വസതിയിലെത്തിയപ്പോൾ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് പാർട്ടി ചെയർമാൻ നിലപാടെടുത്തത്.
അതേസമയം ഇടതുമുന്നണിക്കൊപ്പമെന്ന് ആവർത്തിച്ച് കഴിഞ്ഞ ദിവസം ജോസ് കെ. മാണി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് (എം) ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ തിങ്കളാഴ്ച നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിൽ ജോസ് കെ. മാണി എത്താതിരുന്നതോടെയാണ് കേരളാ കോൺഗ്രസ് (എം) മുന്നണി മാറുമെന്ന ചർച്ച ശക്തമായത്.
എന്നാൽ മന്ത്രി റോഷി അഗ്‌സ്റ്റിൻ, ചീഫ് വിപ്പ് എൻ.ജയരാജ് തുടങ്ങിയ നേതാക്കൾ സമരപരിപാടിയിൽ പങ്കെടുത്തിരുന്നു. പിന്നാലെ എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ സമൂഹ മാധ്യമത്തിൽ കുറിക്കുകയും ചെയ്തു.