Kerala
ഡയാലിസിസ് കിറ്റ് വിതരണത്തിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ജീവിതത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന ആശ്രയ
ഗാന്ധിനഗർ:എല്ലാ മാസവുമുള്ള കിറ്റ് വിതരണം റിപ്പോർട്ട് ചെയ്യാൻ എത്തണമെന്ന് കോട്ടയം ആശ്രയയിലെ ജൂബി ചേട്ടൻ എപ്പോഴും പറയും ,പക്ഷെ തിരക്ക് മൂലം പലപ്പോഴും അതിനു കഴിയാറില്ലായിരുന്നു .പക്ഷെ ഈ മാസം നട്ടുച്ചയ്ക്ക് ഞാൻ അവിടെ ചെല്ലുമ്പോൾ നൂറ്റിയമ്പതോളം പേരാണ് ഡയാലിസിസ് കിറ്റ് വാങ്ങിക്കാൻ അവിടെ നിർന്നിമേഷനായി കാത്തിരുന്നത് .
വൃക്ക രോഗം പിടിപെട്ട് ജീവിതം തകർന്നുവെന്ന് കരുതിയ നിമിഷങ്ങളെ ദൈവത്തിനു സമർപ്പിച്ച് ; കോട്ടയം ആശ്രയയിലെ ഡയാലിസിസ് കിറ്റ് ഉപയോഗിച്ച് ജീവിതം തള്ളി നീക്കുന്ന പതിതരുടെ കണ്ണിൽ ദൈന്യത തളം കെട്ടി നിന്നു.ആശ്രയയിലെ നടത്തിപ്പ് കാരൻ ജൂബി ചേട്ടൻ അവിടെ കൂടി നിന്നവരോട് ചോദിച്ചു ഇനിയാരെങ്കിലും ഭക്ഷണം കഴിക്കാനുണ്ടോ;എല്ലാവരും കഴിച്ചെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനും സംതൃപ്തിയുടെ ഭാവം.ആശ്രയയിൽ വരുന്നവർക്ക് ഭക്ഷണം കഴിച്ചിട്ടേ പോകുവാൻ പറ്റു.അതാണ് ആശ്രയയുടെ ശീലം .കിറ്റ് നൽകുമ്പോൾ പോലും ആരും ക്യാമറയ്ക്കു അഭിമുഖമായി നിൽക്കരുതെന്നു ഫാദർ ജോൺ ഐപ്പ് അവിടെ കൂടിയവരെ ഉദ്ബോധിപ്പിക്കുന്നുണ്ടായിരുന്നു .
അവരുടെ ദൈന്യത നമ്മൾ മുതലാക്കരുതല്ലോ എന്നാണ് ഫാദർ ജോൺ ഐപ്പിന്റെ പക്ഷം .ഞങ്ങളുടെ നേര് ദൈവം കാണുന്നുണ്ട് ;ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാനുള്ള പണവും ദൈവം സ്പോണ്സർമാരിലൂടെ നൽകുന്നുണ്ട് .കുറെയേറെ നല്ല മനുഷ്യരുടെ കാരുണ്യത്തിലാണ് ഈ ആശ്രയ പിടിച്ചു നിൽക്കുന്നത് .ഞങ്ങൾ നൽകുന്ന കിറ്റിലൂടെ ആയിരങ്ങൾ ജീവിതത്തിലേക്ക് നടന്നടുക്കുന്നു .ജൂബി ചേട്ടൻ പറഞ്ഞു നിർത്തി .കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൃത്യമായി ആശ്രയയിൽ നിന്നും ഭക്ഷണം നൽകുന്നുണ്ട് .ഓപ്പറേഷൻ കഴിഞ്ഞു തുടർ ചികിത്സയ്ക്ക് പണമില്ലാത്തവർക്കു ഇവിടെ താമസവും ഭക്ഷണവും നൽകുന്നു .ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞയിടത്തെ കുറിച്ച് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ മനൂപ് ബി പറഞ്ഞത് രോഗികൾക്ക് ഇങ്ങനെയൊരു ആശ്രയമുണ്ടല്ലോ ഈ ആശ്രയ .അവർക്കെല്ലാം നിങ്ങളുടെ സേവനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് കേട്ടോ ;അതുകേട്ട ഫാദർ ജോൺ ഐപ്പും ;ജൂബി ചേട്ടനും കൈകൂപ്പി ആ നല്ല വാക്കുകളെ സ്വീകരിച്ചു .
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, SFS പബ്ലിക് സ്കൂളും ചേർന്ന് 153 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മറിയാമ്മ ഫിലിപ്പ് , കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
ഡോ മനൂപ് ബി ( Ass.prof.Cardio Thoracic & Vascular,MCH ), സിസ്റ്റർ ശ്ലോമ്മോ, ജോൺ ജേക്കബ്, ജോശുവ നോബി മാത്യൂ, നവരാംഗ് എ എസ് , ലീന മാത്യൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 72 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നതായി ഫാദർ ജോൺ ഐപ്പും ;ജൂബി ചേട്ടനും കോട്ടയം മീഡിയയോട് പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ