Politics

തിരുവനന്തപുരം മേയർ :ഭൂരിപക്ഷത്തിനു ഒരു സീറ്റ് മാത്രം കുറവ് :ജനുവരി 12 ലെ ഉപ തെരെഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും നിർണ്ണായകം

Posted on

തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയറെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിയിൽ സജീവം. ഇന്ന് കണ്ണൂരിൽ സംസ്ഥാന നേതൃയോഗം ചേരും. യോഗത്തിൽ ചർച്ചകൾ ഉണ്ടാകും. എന്നാൽ, ഡിസംബര്‍ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. ഇപ്പോഴും വി വി രാജേഷ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. മേയര്‍ ആരാകുമെന്നതിൽ സസ്പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ഇന്നലെ വ്യക്തമാക്കിയത്. ഇതിനിടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ കോൺഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ആർ പി ശിവജി സിപിഎം സ്ഥാനാർത്ഥിയാകും. 24ന് കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയെ തീരുമാനിക്കും. കോർപ്പറേഷനിൽ വലിയ പരാജയം ഉണ്ടായി, ഉത്തരവാദിത്വമുള്ളവർ ചുമതല നിർവഹിച്ചില്ലെന്നാണ് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്ന വിമർശനം. വിഷയത്തിൽ തുടർനടപടികളിലേക്ക് കടക്കാനാണ് പാർട്ടി നീക്കം.

നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്. വലിയ ആവേശത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷനൊപ്പം അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. തലസ്ഥാനത്തെ മേയർ ആരായിരിക്കുമെന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഘോഷയാത്രയായാണ് ബിജെപി അംഗങ്ങൾ ഇന്നലെ കോര്‍പറേഷനിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷനും കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറും മറ്റ് പ്രമുഖ നേതാക്കളും ജാഥയിൽ അണിനിരന്നു.

ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവ് കാര്യമാക്കുന്നില്ലെന്നും മേയര്‍ പ്രഖ്യാപനത്തിലെ സസ്പെൻസ് അങ്ങനെ നിലനിൽക്കട്ടെയെന്നും പ്രകാശ് ജാവ്ദേക്കറും രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. വിവി രാജേഷോ അതോ ആര്‍ ശ്രീലേഖയോ അതുമല്ലെങ്കിൽ മറ്റൊരു സര്‍പ്രൈസ് വ്യക്തി മേയര്‍ ആകുമോയെന്നതിലാണ് സസ്പെന്‍സ് തുടരുന്നത്. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ നിലപാടും കോര്‍പറേഷൻ ഭരണത്തിൽ നിര്‍ണ്ണായകമാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തിരഞ്ഞെടുപ്പ്. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിര്‍ണ്ണായകമായ ഒരു സീറ്റിൽ ഒമ്പത് സ്ഥാനാര്‍ത്ഥികൾ ഇതുവരെ മാത്രം പത്രിക നൽകിയിട്ടുണ്ട്. മേയർ,ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് 27നുമാണ് നടക്കുക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version