Kerala
നമ്മുടെ രൂപാന്തരീകരണത്തിന് ഒരു മലകയറ്റം അനിവാര്യം: മാർ. ജോസഫ് കല്ലറങ്ങാട്ട്
പാലാ :ജീവിതത്തിൽ രൂപാന്തരീകരണം സാധ്യമാകണമെങ്കിൽ ഈശോയോടൊത്ത് മലകയറാൻ തയ്യാറാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് ദൈവജനത്തെ ഓർമ്മിപ്പിച്ചു. മലയുടെ താഴ് വരയിൽ നിന്നവർക്കല്ല, അവനോട് കൂടെ മല കയറിയവർക്കാണ് രൂപാന്തരീകരണം സാധ്യമായതെന്ന് വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി പിതാവ് പറഞ്ഞു. 43-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ ഉദ്ഘാടനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെയാണ് പിതാവ് ഈ ചിന്തകൾ പങ്കുവെച്ചത്.
ദൈവവചനം കേൾക്കുമ്പോൾ ഹൃദയത്തിൽ സന്തോഷമുണ്ടാകണം.നിരന്തരം വചനം വായിച്ചും, വചനം കേട്ടും വചനത്തിൽ ജീവിച്ചും നമ്മുടെ ജീവിതത്തിൽ അനുതാപത്തിൻ്റെ വിളക്ക് തെളിയിക്കണം. ആ വെളിച്ചത്തിലൂടെ നമ്മുടെ ഉള്ളിൽ നഷ്ടപ്പെടുത്തിയ നാണയങ്ങൾ കണ്ടെത്താൻ നമുക്ക് കഴിയും. നമ്മുടെ സഹോദരങ്ങളോടുകൂടെ ഒന്നിച്ചിരുന്ന് വചനം കേട്ട് നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്താൻ ഈ കൺവെൻഷൻ കാരണമാകണമെന്നും ആശംസിച്ച പിതാവ് സഭയിലെ പാവപ്പെട്ടവരെ ചേർത്തു നിർത്തുന്നത് സഭയുടെ ഉത്തമ പാരമ്പര്യമാണെന്നും സഭയാണ് വചനത്തിൻ്റെ സംരക്ഷകയെന്നും ഓർമ്മിപ്പിച്ചു.
ദൈവവചനത്തിൻ്റെ പ്രാധാന്യം സഭയുടെ ചരിത്രത്തോടും പാരമ്പര്യത്തോടും ചേർന്ന് പഠിക്കാനുള്ള അവസരമായിരിക്കണം ഈ കൺവെൻഷൻ എന്നും പിതാവ് കൂട്ടിച്ചേർത്തു.