Kerala
: ശബരിമലയിലെ അന്നദാന മെനുവില്‍ മാറ്റം വരുത്തി കേരളീയ സദ്യ മൽകുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു
തിരുവനന്തപുരം: ശബരിമലയിലെ അന്നദാന മെനുവില്‍ മാറ്റം വരുത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. മുന്‍പ് ശബരിമലയില്‍ അന്നദാനത്തിന് പുലാവും സാമ്പാറുമായിരുന്നുവെന്നും അത് മാറ്റി സദ്യയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശബരിമലയിലെ അന്നദാനത്തില്‍ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവില്‍ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം ബോര്‍ഡിന്റെ പണമല്ല. അയ്യപ്പന്മാര്ക്ക് നല്ല ഭക്ഷണം നല്കാന് ഭക്തജനങ്ങള്‍ നല്കുന്ന പണമാണ്.
ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പന്മാര്ക്ക് നല്‍കും. ഇന്ന് തീരുമാനം എടുത്തു. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ അത് നടപ്പില്‍ വരും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ശബരിമല തീര്‍ത്ഥാടനം മെച്ചപ്പെടുത്താന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. ഡിസംബര്‍ 18-ാം തീയതി ഒരു യോഗം കൂടും’- കെ ജയകുമാര്‍ വ്യക്തമാക്കി.
അതേസമയം മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയില്‍ ജനത്തിരക്ക് തുടരുകയാണ്. ഇടമുറിയാതെ ഭക്തജന പ്രവാഹം തുടരുമ്പോഴും സുഖദര്‍ശനത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും സന്നിധാനത്ത് സജ്ജമാണെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്.
ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാവുകയാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. വയറും മനസും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ചാണ് ഭക്തര്‍ അന്നദാന മണ്ഡപം വിടുന്നത്. പതിനായിരത്തിലധികം പേരാണ് ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം നടതുറന്നശേഷം ലക്ഷം കവിഞ്ഞിരുന്നു.
മൂന്നുനേരമായാണ് ഭക്ഷണം വിളമ്പുന്നത്. രാവിലെ ആറുമുതല്‍ 11 മണിവരെ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നല്‍കും. ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ഉച്ചഭക്ഷണം 3.30 വരെ നീളും. പുലാവ്, ദാല്‍കറി, അച്ചാര്‍ എന്നിവയാണ് ഉച്ചയ്ക്ക് വിളമ്പുന്നത്. വൈകിട്ട് 6.45 മുതലാണ് അത്താഴവിതരണം. ഇത് നട അടയ്ക്കുന്നതുവരെ തുടരും. കഞ്ഞിയും പുഴുക്കുമാണ് (അസ്ത്രം) നല്‍കുന്നത്. ഉച്ചക്ക് സദ്യ നല്‍കാനുള്ള തീരുമാനം ഭക്തര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
ഇത്രയധികം ഭക്തരെത്തുമ്പോഴും യാതൊരു പരാതിയുമില്ലാതെ വൃത്തിയോടെ ഭക്ഷണം നല്‍കാനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അന്നദാനത്തിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫിസര്‍ സുനില്‍കുമാര്‍ പറഞ്ഞു. പാചകത്തിനും വിളമ്പുന്നതിനും ശുചീകരണത്തിനുമായി 235 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഭക്തര്‍ കഴുകിവയ്ക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും ഡിഷ് വാഷര്‍ ഉപയോഗിച്ച് വീണ്ടും ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കും.
ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പുന്ന ഇവിടെ തിരക്കു കൂടുന്നതനുസരിച്ച് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ക്രമീകരിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നാണ് ശബരിമലയിലേത്. മാളികപ്പുറം ക്ഷേത്രത്തിനു പിന്നിലായാണ് അന്നദാന മണ്ഡപം സ്ഥിതി ചെയ്യുന്നത്.
ഇതുവരെ മലചവിട്ടിയത് 848085 ഭക്തർശബരിമല സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ ഒഴുക്ക് തുടരുന്നു. തീര്‍ത്ഥാടനത്തിന്റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ മലചവിട്ടിയത് 71,071 ഭക്തരാണ്. രാവിലെ മുതൽ പമ്പയിൽ നിന്ന് ഇടമുറിയാതെ ഭക്തജനപ്രവാഹമായിരുന്നു.
കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 848085 ആണ്.