Kerala
ഇന്ന് മുതൽ കപ്പ കമ്മിറ്റിയും ;കുപ്പി കമ്മിറ്റിയും ഉഷാറാകും
ഇന്ന് മുതലാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂലകങ്ങൾ ഇറങ്ങുന്നത്.എല്ലാ തെരഞ്ഞെടുപ്പുകളിലും അരങ്ങ് വാഴുന്നത് കപ്പയും ,കുപ്പിയുമാണ് .കപ്പ കമ്മിറ്റിയും ,കുപ്പി കമ്മിറ്റിയും ഇല്ലാത്ത തെരെഞ്ഞെടുപ്പ് ഓർക്കാനെ ഇഷ്ട്ടമല്ല പലർക്കും.കള്ളോളം നല്ലൊരു വസ്തു ;ഭൂലോകത്തില്ലെടി മറിയേ ;അതോരിത്തിരി ഉള്ളിൽ ചെന്നാൽ ;ഭൂലോകം തരികിട തരികിട എന്നാണല്ലോ പ്രമാണം .
തെരെഞ്ഞെടുപ്പ് പ്രചാരണത്തോടു അനുബന്ധിച്ചുള്ള കപ്പ കമ്മിറ്റിയിലും ;കുപ്പി കമ്മിറ്റിയിലും പങ്കെടുക്കുന്നതിൽ പ്രായ വ്യത്യാസമോ ;സാമ്പത്തീക വ്യത്യാസമോ ഇല്ല .കപ്പ കമ്മിറ്റിയാണെങ്കിൽ അതിൽ എല്ല് നിര്ബന്ധമാണ് .എല്ലില്ലാതെ കൊടുത്താൽ പലർക്കും അത് ഇഷ്ട്ടമാവില്ല .എല്ലും ചാറും കൂട്ടി ഒരു പിടി പിടിച്ചാൽ വോട്ട് ഉറപ്പായി.എല്ലിനിടയിൽ പറ്റി പിടിച്ചിരിക്കുന്ന മാംസള ഭാഗങ്ങൾ അകത്താക്കാൻ ചിലർ എല്ലെടുത്ത് പാത്രത്തിന്റെ സൈഡിൽ കൊട്ടി മാംസള ഭാഗമെടുത്ത് കഴിക്കും ,
ഇതിനൊന്നും ആരും നാണക്കേട് വിചാരിക്കുന്നില്ല .ഒരിക്കൽ ഒരു കപ്പ കമ്മിറ്റിയിൽ ഒരു ഗവർമെന്റ് ഉദ്യോഗസ്ഥൻ വാരിയെല്ല് എടുത്തിട്ട് പ്ലെയിറ്റിൽ താളത്തിൽ അടിച്ചു ചാറ് പുറത്ത് ചാടിച്ച് ചൂണ്ടു വിരൽ കൊണ്ട് വടിച്ചെടുത്ത് നക്കി.ഇത് കണ്ട പലരും അങ്ങനെ ചെയ്തു .അപ്പോൾ ആ ഉദ്യോഗസ്ഥൻ പറഞ്ഞു.വാരിയെല്ലിന്റെ ഇടയിലെ ചാറ് കുടിക്കുന്നത് ഒരു പ്രത്യേക രസമാ.കൂടി നിന്നവരും അത് ശരി വച്ച് അങ്ങനെ ചെയ്തു . .പിന്നീട് ആ ഉദ്യോഗസ്ഥൻ കുപ്പി കമ്മിറ്റിയിൽ പോയി സോമരസം കുടിച്ച ശേഷം വന്നു ഒരു വാരിയെല്ലിന്റെ പീസെടുത്ത് അതിന്റെ തുളയുള്ള ഒരു വശം വായിൽ വച്ച് ശക്തമായി അകത്തേയ്ക്കു വലിച്ചു .
അത് കണ്ട പലരും അങ്ങനെ ചെയ്തപ്പോൾ അവർക്കും ചാറ് കിട്ടി .പുതിയ തീറ്റ ശൈലി പഠിപ്പിച്ച ഗവർമെന്റ് ഉദ്യോഗസ്ഥനെ അവർ മുക്തകണ്ഠം പ്രശംസിച്ചു .പിന്നെ എല്ലാവരും കൂടി കുപ്പി കമ്മിറ്റിയിൽ ഒന്നിച്ചു.അവിടെയും അദ്ദേഹം പുതിയ കുടി മുറകൾ പയറ്റി .കാന്താരി മുളക് കൈയ്യിൽ ഞെരടി സോമ രസത്തിൽ ചേർത്ത് ഒറ്റ വലി .അപ്പോൾ വീര്യം കൂടുമെന്നാണ് വിശ്വാസം .കപ്പ കമ്മിറ്റിയിൽ കപ്പ തീർന്നാലും ,കുപ്പി കമ്മിറ്റിയിൽ കുപ്പി തീർന്നാലും പ്രശ്നങ്ങൾ ഉണ്ടാവും .അതുകൊണ്ടു തന്നെ ഈ കമ്മിറ്റികൾ പെട്ടെന്ന് അവസാനിപ്പിക്കാൻ സ്ഥാനാർത്ഥികളുടെ ശിങ്കിടികൾ ജാഗ്രത പാലിക്കും .കൂടുതൽ കഴിക്കുന്നവരെ ചിലർ പരിഹസിക്കും .ചുമ്മാ കിട്ടിയാൽ ബ്ലേഡ് വരെ തിന്നുന്നവനാ അവൻ.പിന്നീട് തിരിച്ചും പരിഹാസമുണ്ടാവും കഴിഞ്ഞ കമ്മിറ്റിക്കു പൂക്കുറ്റിയായി ഓടയിൽ കിടന്നപ്പോൾ പട്ടി വന്നു നിന്റെ കിറി നാക്കിയില്ലേ എന്നാവും തള്ള് .അതുകൊണ്ടു തന്നെ സംഘാടകർ വാക്കേറ്റമുണ്ടാകാതെ ജാഗ്രത പാലിക്കും .
ഒരു കുപ്പി കമ്മിറ്റിയിൽ കപ്പയും സോമരസവും അകത്താക്കിയ ഒരു വോട്ടർ കൈയ്യിലെ ചാറ് കൂട്ടി സ്ഥാനാർത്ഥിയെ കെട്ടി പിടിച്ചു എന്നിട്ടു പറഞ്ഞു ;ശാര് രണ്ടായിരം വോട്ടിനു ജയിക്കും ,ഞങ്ങള് ജയിപ്പിച്ചിരിക്കും .ഇത് കേട്ടപ്പോൾ തള്ളി പോയത് സ്ഥാനാർത്ഥിയുടെ കണ്ണായിരുന്നു.കാരണം ആ വാർഡിൽ ആകെ വോട്ട് 750 മാത്രമായിരുന്നു .എന്നിട്ടും ആ വോട്ടർ വിട്ടില്ല സ്ഥാനാർത്ഥിയെ കെട്ടി പിടിച്ച് പറഞ്ഞു ഷാര് ഞങ്ങടെ മുത്താ..രണ്ടു മുത്തവും കൊടുത്തു .സ്ഥാനാർത്ഥിയുടെ മുഖത്തും ദേഹത്തുമെല്ലാം കപ്പയുടെയും ചാറിന്റെയും കളറുകൾ വീണു .എന്ത് ചെയ്യാം സ്ഥാനാർത്ഥിയായി പോയില്ലേ .ഒരു കുപ്പി കമ്മിറ്റിയിൽ പൂക്കുറ്റി ആയപ്പോൾ ഒരു വോട്ടർ പറഞ്ഞു ജോസ് കെ മാണി അവൻ ആരാ ;സൗകര്യത്തിനു കിട്ടിയാൽ ഞാൻ ഒരെണ്ണം കൊടുക്കും .എന്നാൽ ഇതേയാൾ തന്നെ എതിർ പാർട്ടിയുടെ കുപ്പി കമ്മിറ്റിയിൽ മൊഴിഞ്ഞു പി ജെ ജോസഫ് അവൻ ആരാ പോകാൻ പറ ..ഇത്രയൊക്കെയേ ഉള്ളൂ കുപ്പി കമ്മിറ്റിയിലേ പ്രകോപനങ്ങൾ .
കപ്പ കമ്മിറ്റിക്കു വിളിച്ചില്ലെങ്കിൽ ഉറച്ച വോട്ടുകൾ പലതും നിന്നാടും .എന്നാലും ഞാൻ യീ അയലോക്കത്ത് ഉണ്ടല്ലോ ഒന്ന് വേണോ എന്ന് പോലും ചോദിച്ചില്ല കേട്ടോ.അവന്റെയൊരു കോപ്പും എനിക്ക് വേണ്ട ,എന്നാലും ഒന്ന് വിളിച്ചില്ല .ഇത്രയൊക്കെയുള്ളൂ മനുഷേനെ കാര്യം എന്നൊക്കെ പലരും പരിതപിക്കും .പരാതിയറിഞ്ഞു സ്ഥാനാർഥി ചെന്ന് കാലു പിടിക്കും .ഇന്നലെ ചെറുതായിട്ട് ഞങ്ങളൊന്നും കൂടി.നമ്മളെ പോലുള്ള കുടുമ്പക്കാര് ഇന്ന് വൈകിട്ട് കൂടുന്നുണ്ട് പ്രത്യേകം വരണം കേട്ടോ എന്ന് പറയുമ്പോൾ പരാതിക്കാരന്റെ പരാതി അലിഞ്ഞലിഞ്ഞു ഇല്ലാതാകും .അല്ലേലും നമ്മള് കുടുംബക്കര് കൂടിയിട്ട് ഒത്തിരി കാലമായല്ലോ ല്ലേ…പരാതി അവിടെ തീർന്നു .
കപ്പ കമ്മിറ്റിയും കുപ്പി കമ്മിറ്റിയും കൊണ്ട് വിജയിച്ച ഒരു സ്ഥാനാർഥി പറഞ്ഞത് നമ്മളൊരു ആയിരം രൂപാ കൊടുക്കുന്നതിലും നല്ലത് കപ്പേം കുപ്പീം കൊടുക്കുന്നതാ .അല്ലേൽ ഈ കേരളാ കോൺഗ്രസ് കോട്ടയിൽ ഞാനെങ്ങനെ ജയിക്കാനാ.കുപ്പി കമ്മിറ്റിയിൽ ചിലരെ വിളിക്കില്ല .വിളിക്കാത്തവർ കുപ്പി കമ്മിറ്റിക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നയിടങ്ങളിൽ നിന്നും സോമരസം അടിച്ചു മാറ്റി വീട്ടിൽ കൊണ്ട് പോകുന്നതും പതിവ് കാഴ്ചയാണ് .കന്നാസിൽ സോമരസം സൂക്ഷിച്ചു വച്ചിരുന്നിടത്ത് നിന്ന് പാതിരാത്രിൽ കന്നാസോടെ സോമരസം അടിച്ചു മാറ്റി കൊണ്ട് പോയി മാസങ്ങളോളം അടിച്ചു പൂക്കുറ്റിയായി നടന്ന വിദ്വാന്മാരുമുണ്ട്.കപ്പ കമ്മിറ്റിയോടും കുപ്പി കമ്മിറ്റിയോടും ഇടതു പക്ഷക്കാർക്കു 1987 വരെ താല്പര്യമില്ലായിരുന്നെങ്കിലും .അതിനു ശേഷം കപ്പ കമ്മിറ്റിയുടെ മാന്ത്രീകതയിൽ അവരും അഭിരമിച്ചു .ഇപ്പോൾ ഇടതുപക്ഷ പാർട്ടികളുടെ പരിപാടിക്ക് ബസ്സ് പിടിച്ചു പോകുമ്പോൾ ബസ്സിന്റെ നടുക്ക് കന്നാസും ഉണ്ടായിരിക്കും .ആവശ്യക്കാർ ഊറ്റിയടിക്കുക അത്ര തന്നെ .
തീയാണെ ഇത് തീയാണെ
ആളിപ്പടരും തീയാണെ
മാക്ഡോവലും ഹണീബീയും
ചേർന്ന് നടത്തും തീയാണെ
അതിന്റെ കൂടെ എമ്മെച്ചും
അതിന്റെ കൂടെ മോർഫ്യൂസും
ചേർന്ന് കത്തും തീയാണെ
തീയേ തൊട്ടു കളിക്കരുതേ
തീയേ തൊട്ട് കളിച്ചെന്നാൽ
അച്ചാറാക്കും കട്ടായം
ആരിതു പറയുവതറിയാമോ
കുടിയന്മാരുടെ പ്രസ്ഥാനം
ജനിച്ചു പോയൊരു തെറ്റിന് വേണ്ടി
ജീവിക്കാനാണീ സമരം
നമ്മുടെ സമര തീച്ചൂളകളിൽ
മദ്യ വിരുദ്ധർ തുലയട്ടെ
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ